രാഷ്ട്രീയം വിശപ്പിന്റെ വിലയറിയണം
എന്റെ തലമുറയുടെ കുട്ടിക്കാലത്ത് ബിരിയാണി ഒരു സ്വപ്നമായിരുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും കിട്ടിയെങ്കിലായി. വിശേഷ ദിവസങ്ങളിലും കല്യാണവീടുകളിലും കിട്ടിയിരുന്ന ഏറ്റവും വിശിഷ്ട ഭക്ഷണം നെയ്ച്ചോറും ബീഫ് കറിയുമായിരുന്നു. സമ്പന്ന വീടുകളിലെ കല്യാണത്തിന് മാത്രമാണ് ബിരിയാണി വിളമ്പിയിരുന്നത്. അതും ബീഫ് ബിരിയാണി. നാട്ടിലെ മൊത്തം സ്ഥിതി ഇതായതിനാല്‍ അക്കാലത്തെ ഭൂരിപക്ഷം രാഷ്ട്രീയപ്രവര്‍ത്തകരുടെ ജീവിതാവസ്ഥയും ഇതൊക്കെ തന്നെയായിരുന്നു. ഇത്തിരിയെന്തെങ്കിലും ഭക്ഷണം പാര്‍ട്ടി വക കിട്ടിയിരുന്ന രാഷ്ട്രീയ കക്ഷികളില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. പിന്നെ മുസ്‌ലിം ലീഗും.
ആഹാരകാര്യത്തില്‍ കമ്യൂണിസ്റ്റുകാരുടെ അവസ്ഥ ദയനീയമായിരുന്നു. ഭരണമുണ്ടായിട്ടും സി.പി.ഐക്കാര്‍ ഇല്ലായ്മയുടെ പ്രതിരൂപങ്ങളായിരുന്നു. ശരിക്കും പരിപ്പുവട-കട്ടന്‍ചായ കാലം. എല്ലാ രാഷ്ട്രീയക്കാര്‍ക്കും പ്രസ്ഥാനം വഴി ഭക്ഷണം കിട്ടിയിരുന്നത് വോട്ടെടുപ്പ് നടക്കുന്ന ദിനങ്ങളിലാണ്. പോളിങ് ബൂത്തിനടുത്തുള്ള ഏതെങ്കിലും പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ പ്രവര്‍ത്തകര്‍ക്കായി ഊണും കറികളും ചായയും കടിയുമൊക്കെ ഒരുക്കും. നാടന്‍ ആഹാരം.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ബിരിയാണി നല്‍കിയിരുന്നതായി കേട്ടിട്ടുണ്ട്. ബിരിയാണി എന്നും ലീഗ് രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കേട്ടു. ഏറെ നല്ല കാര്യമാണെന്നാണ് തോന്നിയത്. മനുഷ്യരുടെ പരമപ്രധാന ആവശ്യമായ ആഹാരത്തിനായിരിക്കണം രാഷ്ട്രീയത്തില്‍ പ്രഥമ പരിഗണനയെന്ന് ഒരു പാര്‍ട്ടി അറിയുന്നത് ചെറിയ കാര്യമല്ല.
കമ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെ അവസ്ഥ മുതിര്‍ന്നവരേക്കാള്‍ കഷ്ടമായിരുന്നു. ഒരുതരം വരുമാനവുമില്ലാത്തവരായിരിക്കുമല്ലോ വിദ്യാര്‍ഥികള്‍. വിശപ്പ് കടിച്ചുപിടിച്ച് സംഘടനാപ്രവര്‍ത്തനം നടത്തുന്ന ഒരുപാട് വിദ്യാര്‍ഥികളെ അക്കാലത്ത് കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള കാലം കടന്നുവന്ന എന്നെ കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വാര്‍ത്ത ഏറെ സന്തോഷിപ്പിച്ചു. എസ്.എഫ്.ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിന് പാലക്കാട്ടും കോഴിക്കോട്ടും ബിരിയാണി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത. സമരത്തിനു വരുന്നവര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കാവുന്ന അവസ്ഥയിലേക്ക് ആ പ്രസ്ഥാനം വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ നേതാക്കളെ അഭിനന്ദിക്കുക തന്നെ വേണം.
അതിനൊപ്പം ഇത്തിരി ലജ്ജാകരമായ മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കുറെ കുട്ടികള്‍ക്ക് ബിരിയാണി വാങ്ങിക്കൊടുത്തില്ലെന്ന്. ഭക്ഷണകാര്യത്തില്‍ മനുഷ്യരെ പറഞ്ഞുപറ്റിക്കുന്നത് മഹാപരാധമാണ്. അതുകൊണ്ട് അക്കാര്യം അടുത്ത സമ്മേളനത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് ആ തെറ്റ് തിരുത്തണം. ബൂര്‍ഷ്വാ രാഷ്ട്രീയക്കാരില്‍നിന്ന് ഭിന്നമായി തെറ്റുകള്‍ ചര്‍ച്ച ചെയ്ത് തിരുത്തുന്നവരാണല്ലോ കമ്യൂണിസ്റ്റുകാര്‍. തെറ്റിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയുണ്ടായാല്‍ ഏറെ നല്ലത്. കുറഞ്ഞത് ഒരു പരസ്യ ശാസനയെങ്കിലും.
സ്നേഹത്തോടെ മറ്റൊരു നിര്‍ദേശവുമുണ്ട്. ബിരിയാണി ഇപ്പോള്‍ അത്രയൊന്നും ആകര്‍ഷക ഭക്ഷണമല്ല. കുഴിമന്തിയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അടുത്ത സമരത്തിന് വരുന്ന സഖാക്കള്‍ക്ക് അത് വാങ്ങിക്കൊടുക്കണം. ഭാവിയില്‍ അതിലും മികച്ച ഭക്ഷണം കൊടുക്കാനുമാവണം. വിപ്ലവം നടക്കുമെന്ന് കരുതിയൊന്നുമല്ല ഇപ്പോള്‍ ആളുകള്‍ പ്രസ്ഥാനത്തിലേക്ക് വരുന്നതെന്നും വേണ്ടപോലെ പരിഗണിച്ചില്ലെങ്കില്‍ അവരെ അത്യാധുനിക ഭക്ഷണങ്ങള്‍ നല്‍കി ബൂര്‍ഷ്വാ സംഘടനകള്‍ കൊണ്ടുപോയേക്കുമെന്നും ഓര്‍ക്കുകയും വേണം.
ഒരു വാക്കുണ്ടാക്കിയ പുകില്
മലയാളം പോലെ തന്നെ ഹിന്ദിയും പദസമ്പത്തില്‍ ഏറെ പിറകിലാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രാന്‍സ്‌ജെന്‍ഡറിന് മലയാളപദം നിര്‍ദേശിക്കാന്‍ നാട്ടുകാരോട് അഭ്യര്‍ഥിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. സ്വന്തം പേരിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന് മലയാളപദം കണ്ടെത്താന്‍ പൊതുഖജനാവില്‍നിന്ന് വന്‍തുക ചെലവഴിച്ച് പരിപാലിക്കുന്ന ഈ സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് അതിനേക്കാള്‍ രസകരമാണ്.
ഇക്കാര്യത്തില്‍ തമിഴരെ നോക്കി അസൂയപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികള്‍. നമ്മള്‍ ഇംഗ്ലീഷില്‍ തന്നെ പറയുന്ന നിരവധി പദങ്ങള്‍ക്ക് സ്വന്തം പദങ്ങളുള്ളവരാണ് തമിഴര്‍. സി.സി.ടി.വിക്ക് കണ്‍കാണിപ്പ്, ഫോട്ടോയ്ക്ക് നിഴല്‍പ്പടം, ഫ്രിഡ്ജിന് കുളിര്‍പ്പെട്ടി തുടങ്ങി പലതും.
ഹിന്ദിയിലും പലതിനും സ്വന്തം പദമില്ല. ഉള്ളതില്‍ ചിലതാണെങ്കില്‍ പൂര്‍ണമായി യോജിച്ചതുമല്ല. മലയാളത്തേക്കാളേറെ ആര്യസംസ്‌കൃതിയുടെ പിടിയില്‍പെട്ട് പുതിയ കാലത്തിനു ചേരാത്തവിധം തേഞ്ഞുപോയിട്ടുണ്ട് പല പദങ്ങളും. നമ്മുടെ രാഷ്ട്രസംബന്ധിയായ ഒട്ടുമിക്ക കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഹിന്ദി പദങ്ങളാണല്ലോ. അവയില്‍ പലതും വിശദ ചര്‍ച്ചയ്ക്ക് വിധേയമാക്കിയാല്‍ ഉചിതമല്ലെന്ന് ബോധ്യപ്പെടും.
അങ്ങനെയൊരു പദമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പുകിലുണ്ടാക്കിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിളിച്ച സംഭവം. ഭരണഘടനയിലെ പരമോന്നത പദവിയെ അങ്ങനെ വിശേഷിപ്പിച്ചത് നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ മര്യാദകേട് തന്നെയാണ്. എന്നാല്‍ ഭാഷാപരമായി നോക്കിയാല്‍ അതങ്ങനെയാവണമെന്നില്ല.
പതി എന്ന വാക്കിന് ഭര്‍ത്താവ് എന്നും അര്‍ഥമുണ്ട്. ഭര്‍ത്താവിന്റെ സ്ത്രീലിംഗം പത്‌നിയുമാണ്. അങ്ങനെ നോക്കുമ്പോള്‍ അതില്‍ ശരികേടൊന്നും തോന്നില്ല. ഏതെങ്കിലും ഒരാണിനെ പുല്ലിംഗത്തില്‍ വിശേഷിപ്പിച്ചാല്‍ എങ്ങനെയിരിക്കും? അതുപോലെ തന്നെ ഒരു സ്ത്രീയെ പുല്ലിംഗത്തില്‍ വിശേഷിപ്പിക്കുന്നത് അവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുമെന്നും അത് മര്യാദയല്ലെന്നുമാണ് ചൗധരി ചിന്തിച്ചതെങ്കിലോ? അങ്ങനെയും ആവാമല്ലോ.
സംഗതി ഗുലുമാലായതോടെ ചൗധരി രാഷ്ട്രപതിയോടു തന്നെ മാപ്പുപറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ പുകില് അടുത്തുതന്നെ കെട്ടടങ്ങാനിടയുമുണ്ട്. ഏതു വിഷയത്തിലായാലും താല്‍ക്കാലിക തര്‍ക്കത്തിനപ്പുറം ഭരണാധികാരികളടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ക്കൊന്നും താല്‍പര്യമുണ്ടാകില്ലല്ലോ.
എങ്കിലും ഇത്തരം പദവികളുടെ പേരുകളുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമുണ്ട്. ഇത്തരം സ്ഥാനപ്പേരുകള്‍ എല്ലാ പദവികളിലും ആണും പെണ്ണും മാറിമാറി വരുന്ന ഇക്കാലത്തും കൊണ്ടുനടക്കേണ്ടതുണ്ടോ? പറ്റിയ പദങ്ങള്‍ ശരിക്കൊന്നു തിരഞ്ഞാല്‍ വേറെ കണ്ടെത്താനാവില്ലേ? ഇല്ലെങ്കില്‍ ഉണ്ടാക്കണം. പദങ്ങള്‍ താനെയൊന്നും ഉണ്ടായതല്ലല്ലോ, മനുഷ്യര്‍ ഉണ്ടാക്കുന്നതല്ലേ. ഇംഗ്ലീഷില്‍ പ്രസിഡന്റെന്നതുപോലെ പല വിദേശഭാഷകളിലും രാഷ്ട്രത്തെ നയിക്കുന്നവരുടെ പദവികള്‍ക്ക് ലിംഗഭേദമില്ലാത്ത പേരുകളുണ്ട്. അതൊന്നും പൊട്ടിമുളച്ചതല്ല, ഉണ്ടാക്കിയെടുത്തതു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."