വാനരവസൂരി: ജാഗ്രത കൈവെടിയരുത്
മങ്കി പോക്‌സ് എന്ന വാനരവസൂരി ബാധിച്ച് തൃശൂർ ജില്ലയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം വന്നതോടെ രാജ്യത്ത് കൊവിഡിനു പിന്നാലെ വാനരവസൂരിയും സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. വിദേശ രാജ്യങ്ങളുമായുള്ള നിരന്തര സമ്പർക്കം പുലർത്തുന്നതാണ് കേരളത്തിലേക്ക് വൈദേശിക രോഗങ്ങൾ എളുപ്പത്തിൽ എത്തുന്നത്. തൃശൂരിൽ മരിച്ച, യുവാവിന് ഗൾഫിൽ വച്ച് വാനരവസൂരി സ്ഥിരീകരിച്ചതിന്റെ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ച സ്രവത്തിന്റെ റിപ്പോർട്ട് പൂനെയിലെ ലാബിൽ നിന്ന് ലഭ്യമായി. കേരളത്തിലും ഒരു മരണം സ്ഥിരീകരിച്ചതോടെ ആഫ്രിക്കക്ക് പുറത്ത് രോഗത്തെ തുടർന്ന് മരണമുണ്ടായ നാലാമത്തെ രാജ്യമായി ഇന്ത്യ. നേരത്തെ സ്‌പെയിനിലും ബ്രസീലിലും ആഫ്രിക്കയിലുമായിരുന്നു മരണം. ലോകത്ത് വാനരവസൂരി ബാധിച്ച് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് തൃശൂർ സ്വദേശി.
കഴിഞ്ഞ മാസമാണ് ലോകാരോഗ്യ സംഘടന വാനരവസൂരിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. കൊവിഡിന് ശേഷം ഈ ഗണത്തിൽപ്പെടുത്തുന്ന ആദ്യ രോഗമാണിത്. യു.കെ, യു.എസ്, കാനഡ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് വാനരവസൂരി പടരുന്നത്. യു.കെയിൽ 2,400 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വസൂരിക്കെതിരേ ഉപയോഗിക്കുന്ന വാക്‌സിൻ നൽകിയാണ് ബ്രിട്ടനിൽ വാനരവസൂരി പടരുന്നത് ഇപ്പോൾ പ്രതിരോധിക്കുന്നത്. വാനരവസൂരിക്ക് മാത്രമായി പ്രത്യേക വാക്‌സിൻ കണ്ടെത്തിയിട്ടില്ല. അമേരിക്കയിൽ ന്യൂയോർക്കിലാണ് രോഗം അതിവേഗം പടരുന്നത്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ഉഷ്ണമേഖലാ മഴക്കാടുകളോട് ചേർന്നുള്ള പ്രദേശങ്ങളിലായിരുന്നു ഇത്. ഇവിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 1,200 വാനരവസൂരി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണ്ടെത്തി. ഈ വൈറസിന്റെ ജനിതക പഠനങ്ങളിൽ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കനും മധ്യ ആഫ്രിക്കനും. ഈ വൈറസുകളാണ് ലോകം മുഴുവൻ പടർന്നത്.
ആഫ്രിക്കയിൽ പോകാത്തയാളുകൾക്ക് എങ്ങനെ രോഗം പടർന്നു എന്നതും ദുരൂഹമാണ്. രോഗം ബാധിച്ചവരുമായി എട്ടാഴ്ച ലൈംഗികബന്ധം പുലർത്തിയാലും രോഗം വരുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പറയുന്നത്. പനി, തലവേദന, നീർക്കെട്ട്, പുറംവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുരുക്കൾ പ്രത്യക്ഷപ്പെടുന്നതും പെടാത്തതുമായ കേസുകളുണ്ട്. 14 മുതൽ 21 ദിവസം വരെ അണുബാധ നീണ്ടുനിൽക്കുന്നു. കൂടുതൽ കേസുകളും ചിക്കൻപോക്‌സ് പോലെ വന്നു പോകുകയാണ് ചെയ്യുന്നത്. കുറഞ്ഞ തോതിലുള്ള വൈറസുകൾ മാത്രമാണ് പലരുടെയും ശരീരത്തിൽ കാണുന്നുള്ളൂ. അതിനാൽ പൊതുവെ മരണ നിരക്കും കുറവാണ്.
1970 ലാണ് വാനര വസൂരി 10 ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2003ൽ യു.എസിൽ വീണ്ടും രോഗമുണ്ടായി. ആഫ്രിക്കക്ക് പുറത്ത് ആദ്യ രോഗ സ്ഥിരീകരണമായിരുന്നു ഇത്. അന്ന് 81 പേർക്ക് രോഗം വന്നെങ്കിലും ഗുരുതരമായില്ല. 2017 ൽ നൈജീരിയയിൽ 172 പേർക്ക് രോഗം വന്നു. വസൂരിയുടെ വാക്‌സിനേഷൻ 85 ശതമാനം വാനര വസൂരിയെയും തടയുമെന്നാണ് പഠനം. ചികിത്സിക്കാൻ ആന്റിവൈറൽ മരുന്നും ഉപയോഗിക്കാം.
ഇന്ത്യയിൽ വാനര വസൂരിയെ ഏറെയൊന്നും പേടിക്കേണ്ടതില്ലെന്നാണ് ഐ.സി.എം.ആറും നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും പറയുന്നത്. കേരളത്തിൽ നിന്നുള്ള രണ്ട് രോഗികളിൽ നിന്ന് ശേഖരിച്ച വൈറസിന്റെ ജനിതക പഠനത്തിലൂടെ യൂറോപ്പിൽ പടരുന്ന വൈറസിനേക്കാൾ പകർച്ചവ്യാധി തോതും മരണനിരക്കും കുറഞ്ഞ വൈറസാണ് കേരളത്തിലുള്ളതെന്ന് ഐ.സി.എം.ആർ പറയുന്നു. എ-2 എന്ന വൈറസ് വകഭേദമാണ് കേരളത്തിൽ കണ്ടെത്തിയത്. ഗൾഫിൽ നിന്നാണ് ഇത് കേരളത്തിലെത്തിയത്.
യൂറോപ്പിൽ പടരുന്ന വൈറസ് വകഭേദം ബി-1 ആണ്. 70 ലേറെ രാജ്യങ്ങളിലായി 16,000 ത്തിലധികം കേസുകളും ബി-1 വൈറസ് ബാധയാണ്. അതിവ്യാപന ശേഷി കേരളത്തിൽ കണ്ടെത്തിയ വൈറസിന് ഇല്ല എന്ന് ആശ്വസിക്കാം. എങ്കിലും ആഗോളതലത്തിൽ മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച വൈറസ് ബാധയെന്ന നിലയിൽ ആവശ്യമായ മുൻകരുതലുകൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ട്. കൊവിഡും വാനരവസൂരിയും എന്നല്ല ഇപ്പോൾ നാട്ടിൽ പടരുന്ന വൈറൽ പനി വരെ നമുക്ക് സ്വയം പ്രതിരോധിക്കാവുന്നതേയുള്ളൂ. ആരോഗ്യ സാക്ഷരത ഇനിയുള്ള കാലം നാം നേടിയെടുക്കേണ്ടിയിരിക്കുന്നു.
കൊവിഡ് കാലത്ത് ശീലിച്ച ആരോഗ്യ പരിചരണം ഇത്തരം പകർച്ചവ്യാധികളുള്ളപ്പോൾ വീണ്ടും നടപ്പിൽവരുത്തിയാൽ മതി. മാസ്‌ക് ഉപയോഗിക്കുകയും കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താൽ ഏതു വൈറസിനെയും നമുക്ക് പ്രതിരോധിക്കാനാകും. രോഗം വന്ന് ചികിത്സിക്കാൻ പണവും സമയവും ചെലവഴിക്കുന്നതിനേക്കാൾ നല്ലതാണ് അത്. പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത് എന്നത് ഓർക്കണം. രോഗം വന്നാൽ ശരീരത്തിന് അധ്വാനം കുറച്ച് വിശ്രമിക്കണം. അധ്വാനം കൂടിയാൽ മരണം വരെ സംഭവിക്കാം. മരണനിരക്ക് കുറഞ്ഞ വൈറസ് ബാധയുണ്ടായിട്ടും തൃശൂരിലെ യുവാവ് മരിച്ചതെങ്ങനെയെന്ന് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."