വിപ്ലവകാരിയായ മതപണ്ഡിതൻ
ആലി മുസ് ലിയാരെ തൂക്കിലേറ്റാനുള്ള വിധി ന്യായത്തിൽ കേസ് നമ്പർ 7121ൽ അന്നത്തെ ജഡ്ജി ഇ.ബി ഇവാൻസ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ് - 'ആലി മുസ് ലിയാരും അനുയായികളുടേയും മനസിലെ വികാരം മതഭ്രാന്തിന്റേയോ കാർഷിക പ്രശ്‌നങ്ങളോ അല്ല, മറിച്ച് ഖിലാഫത്തിന്റേയും നിസഹകരണത്തിന്റേയും സ്വാധീനം മാത്രമായിരുന്നു അവരെ ഈ കുറ്റങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചത് '. തീവ്രദേശീയവാദിയായിരുന്ന ആലി മുസ് ലിയാരുടെ ഒടുങ്ങാത്ത ഇംഗ്ലീഷ് വിരോധം ധമനികളിലേക്ക് അരിച്ചു കയറിയത് കവരത്തിയിൽ നിന്നാണ്. മക്കയിലെ മത പഠനത്തിനു ശേഷം കവരത്തിയിലെ പ്രധാന ഖാസിയായി എട്ടു വർഷത്തോളം
പ്രവർത്തിക്കുന്നതിനിടയിലാണ് 1891ലെ മണ്ണാർക്കാട്ടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ തന്റെ 28 കാരനായ സഹോദരൻ മമ്മതുകുട്ടി ഉൾപ്പെടെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടത് ആലി മുസ് ലിയാർ അറിഞ്ഞത്. തിരിച്ചെത്തി തിരൂരങ്ങാടി പള്ളിയിലെ പ്രധാന ഇമാം പദവി ഏറ്റെടുത്ത ശേഷം അലി സഹോദരൻമാരുടേയും ഗാന്ധിജിയുടേയും ശിഷ്യത്വം സ്വീകരിച്ചത് മുതലാണ് അദ്ദേഹം തന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ആരംഭിച്ചത്. ഖിലാഫത്ത് കോൺഗ്രസ് കമ്മിറ്റികളിൽ സജീവമാവുകയും പലയിടങ്ങളിലും രൂപീകരണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു.
1921ലെ അറസ്റ്റ് നീക്കം, പൂക്കോട്ടൂർ യുദ്ധം, തിരൂരങ്ങാടി പള്ളി വളഞ്ഞുള്ള വെടിവയ്പുമെല്ലാം ചെറുത്തുതോൽപ്പിച്ചു. എന്നാൽ ആലിമുസ് ലിയാരുടെ നേതൃത്വത്തിലുള്ള തിരൂരങ്ങാടിയിലെ ഖിലാഫത്ത് സർക്കാരിനെതിരേ ഓഗസ്റ്റ് 30ന് നടന്ന ശക്തമായ പോരാട്ടത്തിൽ തിരൂരങ്ങാടി പള്ളി വളഞ്ഞ സൈന്യത്തിന് മുന്നിൽ ആലി മുസ് ലിയാരും കൂട്ടരും കീഴടങ്ങി. തിരൂർ റെയിൽവേ സ്റ്റേഷൻ വഴി കോയമ്പത്തൂരിലേക്ക് നാടുകടത്തി.
ആലി മുസ് ലിയാരേയും 12 അനുയായികളേയും തൂക്കിക്കൊല്ലാനായിരുന്നു വിധിച്ചത്. ദയാ ഹർജി പരിഗണിക്കാതെ 1922 ഫെബ്രുവരി 17 നാണ് കോയമ്പത്തൂരിലെ ജയിലിൽ ആലി മുസ് ലിയാരേയും അനുയായികളേയും തൂക്കിലേറ്റിയത്. മയ്യിത്ത് ഏറ്റുവാങ്ങാൻ വ്യക്തികളെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ മലബാർ മുസ് ലിം അസോസിയേഷൻ എന്ന പേരിൽ പെട്ടെന്നൊരു സംഘടനയുണ്ടാക്കിയാണ് ആലി മുസ് ലിയാരേയും അനുയായികളേയും കോയമ്പത്തൂർ ശുക്രംപേട്ടയിലെ ഖർസ്ഥാനിൽ ഖബറടക്കിയത്.
ഖാദി കൊണ്ടുള്ള പാദം വരെ നീണ്ടു കിടക്കുന്ന വെള്ള ഖദർകൊണ്ടുള്ള മേലങ്കിയും തുർക്കിതൊപ്പിയും അതിൻമേൽ പച്ച ടർബണുമായിരുന്നു ആലി മുസ് ലിയാരുടെ വേഷം. നികുതി കൊടുക്കാതെയും പൊലിസുദ്യോഗസ്ഥനെ കാണാനുള്ള തീരുമാനം നിരസിച്ചതുമെല്ലാം അദ്ദേഹത്തിന്റെ തീവ്ര ദേശീയതയുടെ ഉദാഹരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."