'ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കൂ' അശോക് ഗെഹ്‌ലോട്ടിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍
ഡല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ വിമര്‍ശിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍. ഗെഹ്‌ലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
''രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, നിര്‍ഭയയെ പരിഹസിച്ച രീതി ബലാത്സംഗ ഇരകളുടെ വികാരത്തെ വ്രണപ്പെടുത്തി.കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു' ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ എഎന്‍ഐയോട് പറഞ്ഞു.
രാജസ്ഥാനില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചതിനാല്‍ മന്ത്രി സ്വന്തം സംസ്ഥാനത്ത് നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം രാജസ്ഥാനില്‍ നിയമം കര്‍ശനമായി നടപ്പാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഗെലോട്ടിന്റെ വിവാദപരാമര്‍ശം. ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള നിയമം നിലവില്‍ വന്നതുമുതല്‍ രാജ്യത്തുടനീളം ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു. നിര്‍ഭയ കേസിന് ശേഷം പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായി, അതിന് ശേഷമാണ് നിയമം നിലവില്‍ വന്നത്. ഇതേതുടര്‍ന്ന്, ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് അപകടകരമായ പ്രവണതയാണ് കാണിക്കുന്നതെന്നുമായിരുന്നു ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."