കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ' പേസിഎം' പോസ്റ്ററുമായി കോണ്‍ഗ്രസ്; പ്രചാരണം 40 ശതമാനം കമ്മിഷന് വിവാദത്തിന് പിന്നാലെ
ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ബസവരാജ് ബൊമ്മെയ്ക്കെതിരെ പേ സിഎം(paycm) പോസ്റ്റര്‍ പ്രചാരണവുമായി കോണ്‍ഗ്രസ്. ബൊമ്മെയുടെ ചിത്രവും ഒപ്പം ക്യൂ ആര് കോഡും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ബംഗളുരുവിലെ പൊതുഇടങ്ങളിലെല്ലാം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിന്, '40 percent Sarkara' എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്ന 40 ശതമാനം കമ്മിഷന് വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് ഇത്. ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ പ്രവൃത്തികളില്‍ തുകയുടെ 40 ശതമാനം കമ്മിഷന് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നല്‍കേണ്ടിവരുന്നുവെന്ന കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാര്‍ 40 ശതമാനം കമ്മിഷന് നല്കാന് നിര്‍ബന്ധിതരാകുന്നുവെന്ന കെ.എസ്.സി.എ പ്രസിഡന്റ് ഡി കെംബണ്ണയുടെ പരാതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിനെതിരെ ക്യാമ്പയിനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."