HOME
DETAILS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; കോടതിവിധിയും മന്ത്രിസഭാ തീരുമാനവും

  
backup
July 16 2021 | 20:07 PM

54634645-2

 


ഡോ. പി. നസീര്‍


സമീപകാലത്ത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മെയ് 28 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ന്യൂനപക്ഷ ഗുണഭോക്തൃ അനുപാതത്തെ സംബന്ധിച്ച വിധിന്യായം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നതായിരുന്നു വിധി. യുക്തിരഹിതവും അശാസ്ത്രീയവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ ഈ വിധിന്യായം കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ അക്ഷരം പ്രതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതായത്, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ശുപാര്‍ശ പ്രകാരം വിദ്യാഭ്യാസ, ഉദ്യോഗരംഗത്ത് മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി പാലോളി കമ്മിറ്റിയിലൂടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ നൂറു ശതമാനവും മുസ്‌ലിം മത ന്യൂനപക്ഷ വിഭാഗത്തിനായി മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2011 ജനുവരി മുപ്പത്തിയൊന്നോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നൂറു ശതമാനം മുസ്‌ലിംകള്‍ക്ക് മാത്രം നടപ്പിലാക്കി വന്നിരുന്ന പദ്ധതികളെ എണ്‍പത് ശതമാനം മാത്രമാക്കി പരിമിതപ്പെടുത്തി. ഇപ്പോഴിതാ തുടര്‍ന്നുവന്ന രണ്ടാം പിണറായി സര്‍ക്കാര്‍ അത് അന്‍പത്തിയൊന്‍പത് ശതമാനമാക്കി വെട്ടിക്കുറച്ചിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന് കിട്ടിയ മുസ്‌ലിം വോട്ടുകളെക്കാള്‍ പത്ത് ശതമാനം കൂടുതലാണ് ഇപ്രാവശ്യം കിട്ടിയ മുസ്‌ലിം വോട്ടുകളെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നും മുസ്‌ലിംകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഗുണഭോക്തൃ അനുപാതത്തില്‍ നിന്ന് ഇരുപത്തിയൊന്ന് ശതമാനം വെട്ടിക്കുറച്ചിരിയ്ക്കുന്നത്. മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ്‌ലിം പേരുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും കാലം തെളിയിച്ചിരിക്കുന്നു എന്ന് പബ്ലിക് ഡൊമൈനില്‍ മുഖ്യമന്ത്രി വിളിച്ചു പറഞ്ഞപ്പോള്‍ സംസ്ഥാനത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ അവസരസമത്വം ഉറപ്പിച്ചേക്കാമെന്ന പ്രതീക്ഷയുടെ നാമ്പുകള്‍ മൊട്ടിടുകയായിരുന്നു. എന്നാല്‍, എരിതീയില്‍ നിന്നും വറചട്ടിയിലേക്കുള്ള എടുത്തെറിയലാണെന്ന് മനസിലാക്കാന്‍ ഇപ്പോള്‍ അധിക നാള്‍ വേണ്ടി വന്നില്ല.


2006 ജനുവരി ഇരുപത്തിയൊന്‍പതാം തീയതി ഇന്ത്യയിലെ അംഗീകൃത മതന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും വികസനവും തുല്യതയും ഉറപ്പുവരുത്തുന്നതിനായി രാജ്യത്ത് ആദ്യമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം രൂപീകരിക്കപ്പെട്ടു. അന്നുമുതല്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വകുപ്പ് മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിച്ചവരാണ്. 2006 ല്‍ എ.ആര്‍ ആന്തുലെയില്‍ തുടങ്ങി സല്‍മാന്‍ ഖുര്‍ഷിദ് (2009), കെ. റഹ്മാന്‍ ഖാന്‍ (2012), നജ്മ ഹെപ്ത്തുള്ള (2014), മുക്താര്‍ അബ്ബാസ് നഖ്‌വി (2016 മുതല്‍) എന്നിവരിലൂടെ ഈ നിര തുടരുന്നു. ഇതില്‍ ഏറെ വിചിത്രമായ സംഭവം നാഴികയ്ക്ക് നാല്‍പതു വട്ടം സി.പി.എമ്മുകാര്‍ ന്യൂനപക്ഷ വിരുദ്ധത ആരോപിക്കപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ പോലും മുസ്‌ലിം നാമധാരികളെ മാത്രം ന്യൂനപക്ഷകാര്യ മന്ത്രിമാരാക്കാന്‍ തെല്ലും ജാള്യത കാണിച്ചിട്ടില്ല എന്നതാണ്. എന്നാല്‍, മതേതരത്വത്തിന്റെ കാവലാള്‍ എന്നവകാശപ്പെടുന്നവര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ഒരു മുസ്‌ലിം നാമധാരിയെ പ്രഖ്യാപിച്ചതിനുശേഷവും ഏതോ ഒരു ക്രൈസ്തവ യുവജന സംഘടന അതിനെതിരേ തൊടുത്തുവിട്ട 'വാറോല' കണ്ട് ക്രൈസ്തവ പ്രീണനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ആ വകുപ്പ് നേരിട്ടെടുക്കുകയുണ്ടായി. എസ്.സി, എസ്.ടി, ദേവസ്വം ബോര്‍ഡ്, വഖ്ഫ്, ഹജ്ജ് എന്നീ വകുപ്പുകളുടെ മന്ത്രിമാരെ യഥാക്രമം ഹിന്ദു, മുസ്‌ലിം മത വിഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലെ ഭരണനിര്‍വഹണത്തില്‍ തുടര്‍ന്നുവരുന്ന ബഹുസ്വരതയുടെ സൗന്ദര്യമാണ്. അതുകൊണ്ടാണ് കേന്ദ്രത്തിലും ഇതര സംസ്ഥാനങ്ങളിലുമൊക്കെ ഈ അലിഖിത നിയമം ഇപ്പോഴും തുടരുന്നത്.


1978 ഫെബ്രുവരി 22 ന് ഏറെ സംവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ രൂപീകൃതമായ പശ്ചാത്തലം ഓര്‍ക്കുകയാണ്. അതിന്റെ പ്രഥമ ചെയര്‍മാനായി നിശ്ചയിക്കപ്പെട്ടത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 18.7 ശതമാനവും അംഗീകൃത ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കിടയില്‍ എഴുപത്തിയഞ്ച് ശതമാനത്തോളവും വരുന്ന മുസ്‌ലിം പ്രാതിനിധ്യത്തെ പരിഗണിക്കാതെ വെറും 0.007 ശതമാനം മാത്രം വരുന്ന പാഴ്‌സി വിഭാഗത്തില്‍ നിന്നുള്ള മിനു ആര്‍. മസാനിയെയാണ് ചെയര്‍മാനായി നിയോഗിച്ചത്. തദ്ഫലമായുണ്ടായ വ്യാപകമായ ആക്ഷേപങ്ങളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് 1978 ജൂലൈ 28 ന് മുസ്‌ലിം പ്രതിനിധിയായ എം.ആര്‍.എ അന്‍സാരിയെ ചെയര്‍മാനായി നിശ്ചയിച്ചു കൊണ്ട് കമ്മിഷന്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഒരു പ്രത്യേക വിഭാഗത്തിനായി രൂപീകരിക്കപ്പെടുന്ന വകുപ്പുകളുടെയോ ഭരണഘടനാ സ്ഥാപനങ്ങളുടെയോ തലപ്പത്ത് ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ ബന്ധപ്പെട്ട വിഷയങ്ങളെ കൂടുതല്‍ അനുഭാവപൂര്‍വം സമീപിക്കാനാവും എന്നാണ് പൊതുധാരണ.


2012 ല്‍ സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ മോഡല്‍ ആക്ടിനുമേല്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ ഈ ലേഖകനോട് സര്‍ക്കാര്‍ നിര്‍ദേശിക്കുകയുണ്ടായി. 1978 ല്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ പ്രഥമ ചെയര്‍മാനെ നിശ്ചയിച്ച അവസരത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദിഷ്ട മൂന്നംഗ സംസ്ഥാന കമ്മിഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മുഖ്യ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായിരിക്കണം നാമനിര്‍ദേശം ചെയ്യപ്പെടേണ്ടതെന്ന് അന്നത്തെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്‍ കൂടിയായിരുന്ന ഈ ലേഖകന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതും മേല്‍വിവരിച്ച വികാരവായ്‌പോട് കൂടിയായിരുന്നു.


ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ നിയമപാലകരായി നിയോഗിക്കപ്പെടുന്ന മേലുദ്യോഗസ്ഥര്‍ പോലും ആ വിഭാഗത്തിന്റെ പ്രതിനിധികളായിരുന്നാല്‍ പ്രസ്തുത വിഭാഗത്തിന് കൂടുതല്‍ ആത്മവിശ്വാസവും സ്വത്വബോധവും പകര്‍ന്നു നല്‍കാന്‍ ഉപകരിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് ആരാഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുമുണ്ടായിരുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി മുന്നില്‍വച്ചു കൊണ്ടാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് ആ വിഭാഗത്തില്‍നിന്ന് ഒരു മന്ത്രി പോലുമില്ലെന്ന വസ്തുതയെ തിരിച്ചറിയാന്‍.

വിദഗ്ധസമിതിയും
പരിഹാര നിര്‍ദേശങ്ങളും


ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയെത്തുടര്‍ന്നാണല്ലോ സംസ്ഥാന സര്‍ക്കാര്‍ രാജേഷ് കുമാര്‍ സിങ് (അഡി. ചീഫ് സെക്രട്ടറി, ഫിനാന്‍സ്), ഡോ. വി. വേണു (പ്രിന്‍സിപ്പല്‍ സെക്രട്ടറി), കെ.ആര്‍ ജ്യോതിലാല്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ്), മുഹമ്മദ് ഹനീഷ് (വ്യവസായ സെക്രട്ടറി) എന്നീ നാല് ഐ.എ.എസ് ഓഫിസര്‍മാരെയാണ് വിദഗ്ധസമിതിയായി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. സംസ്ഥാനത്തെ വ്യവഹാര ചരിത്രത്തില്‍ ആദ്യമായി ഒരു കോടതി വിധി നടപ്പിലാക്കാതെ കോടതിയലക്ഷ്യമായി മാറിയേയ്ക്കുമോ എന്ന ഉല്‍ക്കണ്ഠയോടെ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിശ്ചയിച്ചത് പോലെയാണ് നമുക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കോടതിവിധി നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.


കോടതിവിധി ഈ രൂപത്തില്‍ നടപ്പിലാക്കാന്‍ എന്തിനു വേണ്ടിയായിരുന്നു വിദഗ്ധസമിതിയുടെ ഉപദേശം എന്നതാണ് ഇപ്പോള്‍ ബാക്കിയാകുന്ന ചോദ്യം. നൂറു ശതമാനവും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ ദൗര്‍ഭാഗ്യകരമായ ഒരു വ്യവഹാരത്തിലൂടെ ജനസംഖ്യാനുപാതികമായി നടപ്പിലാക്കാനായിരുന്നു വിധി കല്‍പ്പിച്ചിരുന്നത്. അതിനെതിരേ അപ്പീല്‍ പോവുകയോ വിധിയെ അതിജീവിക്കാന്‍ നിയമനിര്‍മാണം നടത്തുകയോ അല്ലെങ്കില്‍ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി മാത്രം രൂപീകരിക്കപ്പെട്ട സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടന്നു വരുന്ന ബജറ്റ് വിഹിതത്തിന് നല്‍കിയിരിക്കുന്ന പേര് പോലും സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനായി മാറ്റിവച്ചിട്ടുള്ള തുക എന്നാണെന്നും അതിനാല്‍ ആ വിഹിതം ഉപയോഗിച്ച് മുസ്‌ലിമേതര ന്യൂനപക്ഷ വിഭാഗത്തിന് വിഹിതം കൊടുക്കാന്‍ കഴിയില്ലെന്ന് ഉപദേശിക്കാനോ ഈ വിദഗ്ധസമിതിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യാമായിരുന്നു. മറിച്ച്, സര്‍വകലാശാല, കോളജ് അഡ്മിഷനുകള്‍ സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കാനിരിക്കേ അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഈ അക്കാദമിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടരുതെന്ന താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നടത്തിപ്പില്‍ ആറരക്കോടി രൂപ അധികം വച്ചുകൊണ്ടുള്ള തൊലിപ്പുറത്തെ ചികിത്സയെങ്കില്‍ അത് ആശാസ്യം തന്നെയാണ്.


അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ അവസര നഷ്ടം വരാത്ത വിധത്തില്‍ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ചിരിക്കുന്നു എന്ന വാദം നീതി നിഷേധത്തിലേയ്ക്കുള്ള സൂചകങ്ങളാണ്. കൂടാതെ, നൂറു ശതമാനം ആനുകൂല്യങ്ങളും ലഭ്യമായിക്കൊണ്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് 2011 ജനുവരി - ഫെബ്രുവരി മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ എണ്‍പത് ശതമാനമായി വെട്ടിക്കുറച്ചിരുന്നു. മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇരുപത് ശതമാനമാണ് അനര്‍ഹരായവര്‍ക്കായി അപഹരിച്ചെടുത്തതെങ്കില്‍ മുഖ്യമന്ത്രി പിണറായി ഇപ്പോള്‍ നാല്‍പ്പത് ശതമാനമായി അനര്‍ഹര്‍ക്ക് പങ്കുവച്ച് കൊടുക്കുന്നു. ഒപ്പം, മുസ്‌ലിംകളുടേത് അന്‍പത്തിയൊന്‍പത് ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പിനായി നീക്കിവച്ചിട്ടുള്ള തുകയോടൊപ്പം 6.2 കോടി രൂപ കൂടി അനുവദിക്കുകയും മുന്‍ വര്‍ഷങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കിട്ടിയ മുഴുവന്‍ സ്‌കോളര്‍ഷിപ്പുകളുടെയും എണ്ണം ഈ വര്‍ഷവും നിലനിര്‍ത്താനുമാണ് തീരുമാനം. ഇതോടെ, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സ്‌കോളര്‍ഷിപ്പു വിതരണത്തില്‍ താല്‍ക്കാലിക പരിഹാരമുണ്ടായേയ്ക്കാം. എന്നാല്‍, വരും വര്‍ഷങ്ങളില്‍ ബജറ്റ് വിഹിതത്തിന്റെ കുറവിന് ആനുപാതികമായി ഗുണഭോക്തൃത വിഹിതത്തില്‍ വന്‍നഷ്ടമാണ് വരാനിരിയ്ക്കുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. മാത്രമല്ല, 2011 ല്‍ ആദ്യമായി ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഒരു കോടി രൂപ വകയിരുത്തിക്കൊണ്ടാരംഭിച്ച പ്ലാന്‍ ഹെഡ്ഡിലെ വിഹിതം 2016 ല്‍ 109 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടായിരുന്നു. എന്നാല്‍, 2016 ല്‍ നിന്നും 2021 ലേയ്‌ക്കെത്തുമ്പോള്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെയും ഇതര സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വകുപ്പുകളിലെയും ബജറ്റ് വിഹിതം ആനുപാതികമായി വര്‍ധിച്ചു കൊണ്ടിരുന്നപ്പോള്‍ കേരളത്തിലേത് 43 കോടി രൂപയായി ചുരുങ്ങുകയാണ് ചെയ്തത്. ഇത്രയേറെ അവഗണന നേരിടുന്ന ഈ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് വരും വര്‍ഷങ്ങളില്‍ ബജറ്റ് വിഹിതം കൂടുമെന്ന് വിശ്വസിക്കാന്‍ തരമില്ല. അതിനാല്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം പൂര്‍ണമായും ലഭിക്കേണ്ടത് മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ്. ഒപ്പം, വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തുന്ന സ്ഥിതിവിവരണക്കണക്കുകളുടെ കൂടി അടിസ്ഥാനത്തില്‍ പകരം സംവിധാനമാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായി കണ്ടെത്തേണ്ടത്.

(സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്
മുന്‍ ഡയരക്ടറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago