മക്ക ക്രെയിൻ ദുരന്തം: കേസ് അവസാനിപ്പിച്ചു, മുഴുവൻ പ്രതികളും കുറ്റവിമുക്തർ
മക്ക: 2015 ലുണ്ടായ മക്ക ഹറം ക്രയിൻ ദുരന്ത കേസ് അവസാനിപ്പിച്ചു. കേസിലെ പതിമൂന്ന് പ്രതികളെയും വെറുതെ വിട്ട ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചാണ് കേസ് അന്തിമമായി അവസാനിപ്പിച്ചത്. ഇതോടെ സഊദി ബിൻലാദൻ ഗ്രൂപ് ഉൾപ്പെടെ കേസിലെ 13 കക്ഷികളും കുറ്റമുക്തരായി. 2020 ഡിസംബറിൽ മക്കയിലെ ക്രിമിനൽ കോടതി മൂന്നാം തവണയും പുറപ്പെടുവിച്ച വിധിക്കപ്പുറം പുതുതായി ഒന്നും തന്നെ അപ്പീൽ കോടതിക്കും കണ്ടെത്താൻ സാധിച്ചില്ല.
കഴിഞ്ഞ വർഷമാണ് മക്ക ക്രിമിനൽ കോടതി ദുരന്ത കേസിലെ പ്രതികളെയും കുറ്റ വിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. ഈ വിധിയാണ് ഇപ്പോൾ അപ്പീൽ കോടതി ശരിവെച്ച് ക്രെയിൻ ദുരന്തത്തിലെ പ്രധാന പ്രതികളായിരുന്ന സഊദി ബിൻലാദൻ കമ്പനിയുൾപ്പെടെ കോടതി കുറ്റ വിമുക്തരാക്കിയത്. ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ ക്രയിൻ വിശുദ്ധ ഹറം മുറ്റത്ത് തകർന്ന് വീണതിന്റെ മുഴുവൻ വശങ്ങളും സൂക്ഷമമായി പരിശോധിച്ച ശേഷമാണ് പ്രതികളെ കോടതി കുറ്റ വിമുക്തരാക്കി പ്രഖ്യാപിച്ചത്.
പ്രതികളെ 2017 ൽ വെറുതെ വിട്ടിരുന്നുവെങ്കിലും 2018 ലെ പുനർ വിചാരണയിൽ ക്രിമിനൽ കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കുറ്റക്കാരല്ലെന്നു കണ്ടെത്തി പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വീണ്ടും വാദം കേൾക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 2018 ൽ കേസിൽ വീണ്ടും വാദം പുനഃരാരംഭിച്ചു. ശക്തമായ മഴയത്താണ് ഹജ്ജിനു തൊട്ടു മുൻപുള്ള ദിവസം കൂറ്റൻ ക്രയിൻ പൊട്ടിവീണതെന്ന് ശരിവെച്ച് അസാധാരണമായ കാലാവസ്ഥയും അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനവുമാണ് ക്രെയിൻ പൊട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് പ്രതികളുടെ വാദം അംഗീകരിച്ചാണ് മക്ക ക്രിമിനൽ കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നത്. എന്നാൽ പിന്നീട് ഇതിനെതിരെ അപ്പീൽ വന്നതോടെയാണ് വീണ്ടും പ്രതികൾക്കെതിരെ വിചാരണ ആരംഭിച്ചത്.
അപകടം നടന്ന ദിവസവും തൊട്ടു മുന്നത്തെ ദിവസവും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പുറത്തിറക്കിയ, ചെങ്കടലിലെ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട കാലാവസ്ഥാ റിപ്പോർട്ടുകളിൽ മുൻകരുതലുകളും ജാഗ്രതകളും സ്വീകരിക്കൽ നിർബന്ധമാക്കുന്ന നിലക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നില്ല. ചെങ്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ ഒരു കിലോമീറ്റർ മുതൽ 38 കിലോമീറ്റർ വരെ മാത്രമാകുമെന്നാണ് കാലാവസ്ഥാ പ്രവചന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇത്തരമൊരു ദുരന്തമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ല. സംഭവ ദിവസം മക്കയിലുണ്ടായത് ദൈവീക വിപത്തായി കണക്കാക്കാവുന്നതാണ്. ഇത്തരം സംഭവങ്ങളിൽ മുൻകൂട്ടി ജാഗ്രത പാലിക്കൽ അസാധ്യമല്ലെങ്കിലും ദുഷ്‌കരമാണെന്നും ക്രിമിനൽ കോടതി വിധിപ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മരണത്തിലേക്ക് നയിക്കാനിടയായ അനാസ്ഥ, പൊതുമുതല്‍ നശിപ്പിക്കല്‍, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങളാണ് ആദ്യ ഘട്ടത്തിൽ പ്രതികൾക്ക് നേരെ ആരോപിക്കപ്പെട്ടിരുന്നത്. കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ബ്ലാക്ബോക്സ് ക്രെയിൻ നിർമാതാക്കയായ ജർമൻ കമ്പനി ക്രെയിനിൽ നിന്നും കണ്ടെടുത്ത് പരിശോധന നടത്തിയിരുന്നു. ദുരന്തമുണ്ടായ സമയത്ത് ക്രെയിനിന്റെ ബൂം 87 ഡിഗ്രിയായിരുന്നുവെന്നും കാറ്റിന്റെ ശക്തി മണിക്കൂറിൽ 80 കിലോമീറ്ററായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ (ബി ഐ പി) കരാർ ഏറ്റെടുത്ത് നടത്തുന്ന സഊദി ബിൻ ലാദൻ കമ്പനിയിലെ ക്രെയിനുമായി ബന്ധപ്പെട്ട എഞ്ചിനീയർമാർ, ടെക്നീഷ്യൻ, തൊഴിലാളികൾ എന്നിവരടക്കം 170 പേരെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, ഹറം പരിസരങ്ങളിലെ ക്രെയിനുകളുമായി ബന്ധപ്പെട്ട കമ്പനികളിലെ ഉന്നതർ തമ്മിൽ കൈമാറ്റം ചെയ്ത ഇമെയിൽ, മറ്റു ഡോക്യുമെന്റുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. പ്രദേശത്തെ കാലാവസ്ഥ വിശകലനവും അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നു. 200 മീറ്റർ ഉയരവും 1350 ടൺ ഭാരവുമുള്ള ക്രെയിനാണ് കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും അപകട സമയത്ത് സുരക്ഷാ വ്യവസ്ഥകളൊന്നും ലംഘിച്ചിരുന്നില്ലെന്നുമാണ് പ്രതിഭാഗം ഇപ്പോൾ കോടതിയിൽ സമർത്ഥിച്ചത്.
ഹജ്ജിനു ദിവസങ്ങൾ മാത്രം ശേഷിക്കെ 2015സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് ലോകത്തെ ഏറ്റവും വലിയ ക്രെയിൻ ശക്തമായ കാറ്റിൽ പൊട്ടിവീണത്. ദുരന്തത്തിൽ മലയാളി ഹജ് തീർഥാടകർ അടക്കം 110 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാൽ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നൽകി. കൂടാതെ, പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സൗജന്യമായി ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യവും സഊദി ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."