തര്‍ക്കം തീരുന്നു; ഐ.എന്‍.എല്‍ സമവായത്തിലേക്ക്
കോഴിക്കോട്: ഇരുവിഭാഗങ്ങളായി പിരിഞ്ഞ ഐ.എന്‍.എല്‍ സമവായത്തിലേക്ക്. മധ്യസ്ഥ തീരുമാനപ്രകാരം പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് പ്രസിഡന്റായും കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയുമായി നേരത്തെയുള്ള സംഘടനാ സംവിധാനം തുടരും.
ജൂലൈ 25ന് കൊച്ചിയില്‍ നടന്ന യോഗത്തിനു ശേഷം നിലവില്‍വന്ന ഇരുപക്ഷങ്ങളും മറ്റു സമാന്തര കമ്മിറ്റികളും ഇല്ലാതാകും. പുറത്താക്കിയവരെ തിരിച്ചെടുക്കും. എന്നാല്‍, കൊച്ചിയിലെ സംഘര്‍ഷത്തിന്റെ പേരില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യപ്പെട്ടവരെ തല്കാലം തിരിച്ചെടുക്കില്ല. അംഗത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുപോകും. ആവശ്യമായ നടപടികള്‍ക്കും തര്ക്കങ്ങളുമുണ്ടെങ്കില് പരിഹരിക്കാനുമായി ഇരുഭാഗത്തുനിന്നുമായി പത്തുപേരെ നിയോഗിച്ചു
ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി ഓഫിസിന് അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും. എന്നാല്‍, ഇക്കാര്യം ഇന്നലെ നടന്ന മധ്യസ്ഥയോഗം ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്തു. വഹാബ്, കാസിം, ബി. ഹംസഹാജി, എം.എ ലത്തീഫ്, കുഞ്ഞാവുട്ടി എ. ഖാദര്‍, സി.പി നാസര്‍കോയ തങ്ങള്‍, ഒ.പി.ഐ കോയ, എന്‍.കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബടേരി എന്നിവരാണ് ഇരുപക്ഷത്തുനിന്നുമായി പങ്കെടുത്തത്.
പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടി ഒറ്റമനസ്സോടെ മുന്നോട്ടുപോവാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ആരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു വഹാബിന്റെ പ്രതികരണം. തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും ഐ.എന്‍.എല്ലിന് അതിനുള്ള സംഘടനാ സംവിധാനമുണ്ടെന്ന് കാസിമും വ്യക്തമാക്കി.
ജൂലൈ 25ന് കൊച്ചിയില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഐ.എന്‍.എല്‍ വഹാബിന്റെയും കാസിമിന്റെയും നേതൃത്വത്തില്‍ രണ്ടു ചേരിയായി നടുറോഡില്‍ തല്ലിപ്പിളര്ന്നത്. ഇടതുമുന്നണിയില്‍ ഒരു ഐ.എന്‍.എല്‍ മാത്രമേ ഉണ്ടാകാവൂ എന്ന സി.പി.എമ്മിന്റെ കര്‍ക്കശ നിലപാടാണ് സമവായ ചര്‍ച്ചകള്‍ക്ക് വേഗംകൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."