ചുരത്തിന്റെ സ്വന്തം ചിത്രകാരന്‍
വയനാടന്‍ ചുരം മാറി മാറി വരുന്ന ഭാവങ്ങളുടെ, കാഴ്ചകളുടെ അക്ഷയ ഖനിയാണ്. അതു മഞ്ഞായും മഴയായും വെയിലായും ഓരോ ഋതുഭേദങ്ങളിലും വിസ്മയിപ്പിച്ചു കൊണ്ടു കാഴ്ചക്കാര്‍ക്ക് താമരശ്ശേരി ചുരം മാജിക് റിയലിസമേകുന്നു. ആ കാഴ്ചയില്‍ മയങ്ങിയ ഒരാളുണ്ട് ചുരത്തില്‍. ചുരത്തിന്റെ സ്വന്തം ചിത്രകാരനായ പ്രകൃതി തന്നെ അംഗീകരിച്ച ഓമശ്ശേരിയിലെ പി.എ അസീസ്. വയനാടന്‍ ചുരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ ചിത്രം വരച്ചാണ് അദ്ദേഹം ചുരത്തെ പരിപാലിക്കുന്നത്.
ചുരംകാഴ്ച കാണാനെത്തുന്നവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന അസീസ്‌ക്ക ചുരത്തെ പ്ലാസ്റ്റിക്മുക്തമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ചുരത്തിലെ അപകടങ്ങളില്‍ രക്ഷകനായി ആദ്യം ഓടിയെത്തുന്നതും അദ്ദേഹമാണ്. ഇതിനു പുറമെ, സാമൂഹിക സ്പര്‍ശമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന അപൂര്‍വ ഹോബിയും ഈ മനുഷ്യസ്‌നേഹിയായ ചിത്രകാരനുണ്ട്. ചുരത്തിന്റെ സൗന്ദര്യം നുകര്‍ന്നാണ് അദ്ദേഹം സഞ്ചാരികളുടെ മനംകവര്‍ന്ന കാരിക്കേച്ചറുകള്‍ തയാറാക്കുന്നത്. എട്ടു വര്‍ഷത്തോളമായി മുടങ്ങാതെ അദ്ദേഹം ആ പ്രവൃത്തി തുടരുന്നു. വിദേശികളടക്കം പതിനായിരത്തിലധികം പേര്‍ തങ്ങളുടെ കാരിക്കേച്ചര്‍ ചിത്രങ്ങള്‍ക്കായി തന്റെ മുന്നില്‍ ഇരുന്നു തന്നതായി ഈ ചിത്രകാരന്‍ പറയുന്നു.
ചിത്രകല ക്ലാസ് മുറിയുടെ നാലതിരില്‍ തളച്ചിടേണ്ടതല്ല എന്ന ബോധ്യത്തില്‍ നിന്നാണു പ്രകൃതിയുടെ സൗന്ദര്യം നുകരാന്‍ അസീസ് വയനാട് ചുരം കയറിയത്. കണ്ടുമടുത്ത കാഴ്ചകളില്‍ നിന്നു മാരി പ്രകൃതിയുടെ നയനമനോഹര കാഴ്ച സമ്മാനിക്കുന്ന താമരശ്ശേരി ചുരത്തില്‍ അദ്ദേഹം സന്ദര്‍ശകരെ കാത്തിരിക്കുകയാണ്. കാഴ്ചക്കാരന്റെ മുഖഛായ ഒപ്പിയെടുത്തു കടലാസിലേക്കു പകര്‍ത്തുമ്പോള്‍ അവരില്‍ നിന്നു ലഭിക്കുന്ന ആനന്ദമാണ് ഈ ചിത്രകാരന്റെ ഊര്‍ജം. ഇന്ന് താമരശ്ശേരി ചുരത്തിലെ നിത്യസന്ദര്‍ശകര്‍ക്ക് ഏറെ സുപരിചിതനാണ് അസീസ് മാഷ്. ചുരം കയറിപ്പോകുന്ന എല്ലാ പ്രഗത്ഭരും അസീസിന്റെ മുന്നില്‍ വരക്കായി ഇരുന്നുകൊടുക്കാറുണ്ട്.
വയനാട്ടിലെ സംഗീതാസ്വാദകര്‍ക്കു തെളിഞ്ഞ സംഗീതം ആസ്വദിക്കാനായി വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ ഒരുക്കിയ വേദിയിലുമെത്തി പുല്ലാങ്കുഴല്‍ വാദകന്‍ കൂടിയായ അസീസ്. കര്‍ണാടക സംഗീതത്തില്‍ ലോകത്തിന്റെ തന്നെ സ്വരമായ എം. ബാലമുരളീ കൃഷ്ണ വെറ്ററിനറി സര്‍വകലാശാലയില്‍ കച്ചേരിക്കെത്തിയപ്പോള്‍ തന്റെ മുന്നില്‍ ചിത്രം വരക്കാന്‍ ഇരുന്നു തന്ന അഭിമാന മുഹൂര്‍ത്തം അസീസ് എന്നും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നു.
പ്രകൃതിയുടെ മിടിപ്പ് ആവാഹിച്ച് അസീസ് വരക്കുന്ന ചിത്രങ്ങള്‍ കാഴ്ചക്കാരെ എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. പ്രകൃതിയുടെ മനോഹര കാഴ്ചകളായ കോടയും വെയിലും മഴയും മാറിമാറി അദ്ദേഹത്തിന്റെ രചനകളില്‍ നിറച്ചാര്‍ത്തണിഞ്ഞു. ചിത്രകലയിലൂടെ പ്രകൃതിയെ തൊട്ടറിയുക കൂടിയാണ് അസീസ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."