ഇന്ത്യയിൽ 330 കോടിയിലേറെ ഡോളറിന്റെ സഊദി നിക്ഷേപം
റിയാദ്: ഇന്ത്യയിൽ 330 കോടിയിലേറെ ഡോളറിന്റെ സഊദി നിക്ഷേപമെന്നു സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് വ്യക്തമാക്കി. അശ്ശർഖുൽ ഔസത്ത് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ നിക്ഷേപങ്ങൾ നടത്തിയതോടെയാണ് ഇന്ത്യയിലെ സഊദി നിക്ഷേപങ്ങൾ ഇത്രയധികം ഉയരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സഊദിയിൽ 150 കോടി ഡോളറിന്റെ ഇന്ത്യൻ നിക്ഷേപമുണ്ട്. ഭാവിയിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുള്ള നവ സാങ്കേതിക വിദ്യ, ഊർജം, ഭക്ഷ്യവസ്തുക്കൾ, സുസ്ഥിര വികസനം എന്നിവ അടക്കമുള്ള 17 പുതിയ അവസരങ്ങൾ സഊദി അറേബ്യ നിർണയിച്ചിട്ടുണ്ട്. സഊദിയുമായുള്ള പങ്കാളിത്തം ശക്തമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ തന്നെ സഊദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ മാറി.
കൊവിഡ് വെല്ലുവിളികൾക്കും അന്താരാഷ്ട്ര എണ്ണ വില പ്രതിസന്ധിക്കിടയിലും ആറു മാസത്തിനിടെ 1,487 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയുമായി നടന്നത്. നിയോം, ഖിദിയ, ചെങ്കടൽ പദ്ധതി, ആമാലാ പോലുള്ള വൻകിട പദ്ധതികൾ ഇന്ത്യൻ കമ്പനികൾക്ക് മുന്നിൽ അവസരങ്ങൾ തുറക്കുന്നു. 75 വർഷങ്ങൾക്കിടെ സഊദി - ഇന്ത്യ സഹകരണം ക്രമാനുഗതമായി വികാസം പ്രാപിച്ച് ശക്തവും തന്ത്രപരവുമായ പങ്കാളിത്തമായി മാറിയിട്ടുണ്ടെന്നും ജി-20, യു.എൻ പോലുള്ള വ്യത്യസ്ത വേദികളിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം വലിയ ശക്തിയാർജിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."