HOME
DETAILS
MAL
യു.പി ജയിലില്‍ കഴിയുന്ന മലയാളികളെ കാണാനെത്തിയ കുടുംബം അറസ്റ്റില്‍
backup
October 01 2021 | 04:10 AM
ലഖ്നൗ: ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കാണാനെത്തിയ കുടുംബത്തെ യു.പി പൊലിസ് അറസ്റ്റ് ചെയ്തു.
പ്രതികളുടെ ഉമ്മമാരെയും ഭാര്യയെയും ഏഴു വയസുള്ള കുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. വ്യാജ ആര്.ടി.പി.സി.ആര് പരിശോധനാഫലവുമായി എത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ലഖ്നൗവിലെ ജയിലില്‍ കഴിയുന്ന മലയാളികളായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവരെ കാണാനാണ് കുടുംബം എത്തിയത്.
സെപ്റ്റംബര്‍ 23നാണ് ഇവരുടെ കുടുംബം ലഖ്നൗവിലെത്തിയത്. ജയിലില്‍ ഹാജരാക്കുമ്പോള്‍ പ്രതികളെ കാണാനായിരുന്നു പദ്ധതി. എന്നാല്‍, വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ജയിലിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.
അന്‍ഷാദിന്റെ ഭാര്യ മുഹ്സിന, ഉമ്മനസീമ, ഏഴു വയസുള്ള മകന് ആതിഫ്, ഫിറോസ് ഖാന്റെ ഉമ്മ ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്നും ഇവരുടെ അഭിഭാഷകന് കെ.സി നസീര്‍ പറഞ്ഞു.
ആതിഫിനെ മാതാവിനൊപ്പമാണ് ജയിലിലേക്കയച്ചത്. മലയാളം മാത്രമാണ് ഇവര്‍ക്ക് സംസാരിക്കാന്‍ അറിയുന്നതെന്നും ഒരാള്‍ പ്രമേഹ രോഗിയാണെന്നും അഭിഭാഷകന് പറഞ്ഞു.
അതേസമയം, ഫിറോസ്ഖാന്റെ ഭാര്യ സൗജത്തും നാലു മക്കളും ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. രാഷ്ട്രീയവൈരമാണ് കേസിനു പിന്നിലെന്നും കള്ളക്കേസിലാണ് സ്ത്രീകളെയും കുട്ടിയെയും അറസ്റ്റ് ചെയ്തതെന്നും പോപുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാവരും ഒന്നിച്ചാണ് കൊവിഡ് പരിശോധന നടത്തിയതെന്നും നാലുപേരുടേത് മാത്രം വ്യാജമാകുന്നത് എങ്ങനെയെന്നും ഇവരെ അടിയന്തരമായി വിട്ടയയ്ക്കണമെന്നും പോപുലര്‍ ഫ്രണ്ട് പി.ആര് സെക്രട്ടറി സി.എ റഊഫ് പറഞ്ഞു. ഇവരുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."