അവന്തികക്ക് സന്തോഷത്തിന്റെ 'ഫസ്റ്റ് ബെല്‍' - കളഞ്ഞുപോയ സൈക്കിളിന് പകരം മന്ത്രി അങ്കിളിന്റെ സ്നേഹസമ്മാനം...
കൊച്ചി: സൈക്കിള്‍ കളഞ്ഞുപോയ വിഷമത്തില്‍ മന്ത്രിക്ക് ഒരു ഇ മെയില്‍ അയച്ചപ്പോള്‍ ഇത്ര പെട്ടെന്ന് ഒരു സൈക്കിള്‍ മന്ത്രി നേരിട്ട് സമ്മാനമായി നല്‍കുമെന്ന് അവന്തിക ഒട്ടും പ്രതീക്ഷിച്ചില്ല. കാണാതായ സൈക്കിളിന് പകരം പുതു പുത്തന്‍ സൈക്കിള്‍ അപ്രതീക്ഷിതമായി ലഭിച്ച സന്തോഷത്തിലാണ് അവന്തിക.
എറണാകുളം പാലാരിവട്ടം സ്വദേശിനി അവന്തിക മന്ത്രിയ്ക്ക് അയച്ച ഇ- മെയില്‍ സന്ദേശമാണ് പുതിയൊരു സൈക്കിളിന് വഴിയൊരുക്കിയത്.ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളന വേദിയിലാണ് മന്ത്രി വി. ശിവന്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിനി സി.ജി അവന്തികയ്ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ മാസം 21നാണ് അവന്തികയുടെ സൈക്കിള്‍ കാണാതായത്. പാലാരിവട്ടത്തെ വാടകവീട്ടില്‍ നിന്ന് ആരോ എടുത്തുകൊണ്ടു പോകുകയായിരുന്നു. അയലത്തെ വീട്ടില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ തപ്പിയെടുത്ത് പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ ചെന്നു. എന്നാല്‍ 'സൈക്കിളല്ലേ വിട്ടുകള' എന്ന് പറഞ്ഞ് പൊലിസുകാരും കാര്യമാക്കിയില്ല. തുടര്‍ന്നാണ് മന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ചത്. ഇ മെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെടുകയും മന്ത്രി ഇടപെടുകയും ചെയ്യുകയായിരുന്നു.
പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അവന്തികയെ മന്ത്രി അഭിനന്ദിച്ചു. എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അവന്തിക. അതേ സ്‌കൂളില്‍ തന്നെ ആണ് പ്ലസ്ടുവിന് ചേര്‍ന്നിട്ടുള്ളത്. പച്ചക്കറി കട നടത്തുന്ന ഗുരുവായൂര്‍ സ്വദേശി ഗിരീഷിന്റെയും നിഷയുടെയും മകളാണ് അവന്തിക. സഹോദരന്‍ സി.ജി അവനീഷ്. പാലാരിവട്ടത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."