ദുബൈ പോഡ് ഫെസ്റ്റ് നാലാം പതിപ്പ് സെപറ്റംബര്‍ 30ന്
ദുബൈ: ദുബൈ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ പോഡ്‌ഫെസ്റ്റിന്റെ നാലാം പതിപ്പ് സെപ്റ്റംബര്‍ 30ന് സംഘടിപ്പിക്കുമെന്ന് ദുബൈ പ്രസ് ക്ലബ് (ഡി.പി.സി) പ്രഖ്യാപിച്ചു.
പോഡ്കാസ്റ്റുകളുടെ ശക്തിയുടെയും സ്വാധീനത്തിന്റെയും ആഗോള ആഘോഷമായ അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനത്തോടനുബന്ധിച്ച് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ സാബീല്‍ ഹാളിലാണ് പരിപാടി ഒരുക്കുക. ദുബൈ പോഡ്‌ഫെസ്റ്റ് 2024 അറബ് ലോകത്തെ പോഡ്കാസ്റ്റിങ്ങിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യും. യു.എ.ഇയിലെയും അറബ് ലോകത്തെയും പ്രമുഖ പോഡ്കാസ്റ്റര്‍മാര്‍, ഓഡിയോ ഉള്ളടക്ക സ്രഷ്ടാക്കള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍, മീഡിയ പ്രൊഫഷണലുകള്‍ എന്നിവരെ ഈ പരിപാടി ഒരുകുടക്കീഴിലെത്തിക്കും.
പോഡ്കാസ്റ്റ് വ്യവസായത്തിന്റെ ഗണ്യമായ ആഗോള വളര്‍ച്ചയുടെ വെളിച്ചത്തില്‍ മുന്നോട്ട് പോകുന്നതിനിടയില്‍, ഉള്ളടക്കം മെച്ചപ്പെടുത്താനും ഉള്ളടക്ക സ്രഷ്ടാക്കളില്‍ എത്തിച്ചേരാനുമുള്ള ഭാവി ആവശ്യകതകളെ കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കാനാണ് ഈ പരിപാടി വഴി ലക്ഷ്യമിടുന്നത്. ഭാവിയിലെ ഡിജിറ്റല്‍ ട്രെന്‍ഡുകളുടെ ഹബ്ബായും അറബിക് മീഡിയയുടെയും ഉള്ളടക്കത്തിന്റെയും വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ദുബൈയുടെ പങ്ക് എടുത്തു കാട്ടാനും ലക്ഷ്യമിട്ടുള്ള ഈ പരിപാടി, പോഡ്കാസ്റ്റിങ്ങിന്റെ ഭാവിയുടെയും മേഖലയിലെ ഓഡിയോ ഉള്ളടക്ക സ്രഷ്ടാക്കളുടെ ആവശ്യങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു.
തുടര്‍ച്ചയായ നാലാം വര്‍ഷവും പോഡ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദുബൈ പോഡ്‌ഫെസ്റ്റ് ഡയരക്ടര്‍ മഹ്ഫൗദ അബ്ദുല്ല പറഞ്ഞു. വിഷ്വല്‍, ഓഡിയോ ഡിജിറ്റല്‍ ഉള്ളടക്കത്തിന് ശക്തമായ ഊന്നല്‍ നല്‍കി പുതിയ മാധ്യമ വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഡി.പി.സിയുടെ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ശ്രദ്ധ പ്രതിഫലിപ്പിക്കാനായി ആരംഭിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് ദുബൈ പോഡ്‌ഫെസ്റ്റ്. പോഡ്കാസ്റ്റുകളുടെ സുസ്ഥിരത ശക്തമായ ഡിജിറ്റല്‍ ശേഷികളെയും അടിസ്ഥാന സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അറബ് ലോകത്ത് ഈ വ്യവസായത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ക്ലബ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പോഡ്കാസ്റ്റിങ് വ്യവസായത്തെ കുറിച്ചുള്ള വസ്തുതകളും സ്ഥിതി വിവര കണക്കുകളും നല്‍കുന്ന റിപ്പോര്‍ട്ടുകളും പഠനങ്ങളും പ്രസിദ്ധീകരിക്കുന്നതിലുള്ള ഡി.പി.സിയുടെ പ്രതിബദ്ധതയും മഹ്ഫൗദ അബ്ദുല്ല എടുത്തു പറഞ്ഞു. അറബ് പോഡ്കാസ്റ്റിങ് വിപണിയിലെ അവസരങ്ങളും വെല്ലുവിളികളും മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റ്‌നോര്‍ത്താഫ്രികന്‍ (മെനാ) മേഖലയിലെ പോഡ്കാസ്റ്ററുകളുടെയും ഓഡിയോ ഉള്ളടക്ക സ്രഷ്ടാക്കളുടെയും ഏറ്റവും വലിയ വാര്‍ഷിക ഒത്തുചേരല്‍ എന്ന നിലയില്‍, ദുബൈ പോഡ്‌ഫെസ്റ്റ് 2024 ഒരു പ്രാദേശിക മീഡിയ ഹബ്ബായും ഡിജിറ്റല്‍ മീഡിയ വികസനത്തിനുള്ള ഫോക്കല്‍ പോയിന്റായും ദുബൈയുടെ സ്ഥാനത്തെ ശക്തിപ്പെടുത്തുന്നു. അതേസമയം, നഗരത്തിന്റെ ഏറ്റവും പുതിയ ഡിജിറ്റല്‍ ട്രെന്‍ഡുകളുടെ ആഗോള കേന്ദ്രമായി ഉയര്‍ന്നു വരുന്നത് പ്രതിഫലിപ്പിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."