പടക്ക നിര്‍മാണ മേഖല സ്തംഭനത്തില്‍; പ്രശ്നപരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം
ആലപ്പുഴ: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പടക്കനിര്‍മാണ മേഖല സ്തംഭനത്തില്‍. സംസ്ഥാനത്ത് പടക്കനിര്‍മാണ മേഖലയില്‍ ജോലിയെടുക്കുന്ന 1.20 ലക്ഷത്തിലേറെ വരുന്ന തൊഴിലാളികള്‍ക്കും കരിമരുന്ന് നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ ജോലി ഇല്ലാത്ത അവസ്ഥയിലായിരിക്കുയാണെന്ന് ആലപ്പുഴ ജില്ലാ ഫയര്‍ വര്‍ക്ക്‌സ് മാനുഫാക്ടച്ചറിംഗ് സെയില്‍സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അപകടത്തിനു ശേഷം കരിമരുന്ന് നിര്‍മാണ ശാലകളിലും വില്‍പ്പന ശാലകളിലും പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണ്. ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും മേഖലയെ ബുദ്ധിമുട്ടിലാക്കുന്നു. മറ്റ് ലൈസന്‍സുകളെല്ലാം ലഭിച്ചാലും ഫയര്‍ഫോഴ്‌സ് ലൈസന്‍സ് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവില്‍. കരിമരുന്ന് നിര്‍മാണശാലകളിലേക്ക് എത്തിച്ചേരുന്നതിന് ഏഴുമീറ്റര്‍ വഴി വേണമെന്ന ഫയര്‍ഫോഴ്‌സിന്റെ നിര്‍ബന്ധമാണ് ലൈസന്‍സ് ലഭിക്കുന്നതിന് തടസമാകുന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ പുതിയ ലൈസന്‍സുകള്‍ നല്കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അധികാരം കൊച്ചിയിലെ എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ ഓഫീസിലേക്ക് മാറ്റുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചുവരുകയാണ്. നിലവില്‍ ജില്ലാ അധികാരികള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള ചുമതല. ഇത് മാറ്റുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ചെറുകിട കരിമരുന്ന് നിര്‍മാണ ശാലകളും അടച്ചുപൂട്ടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. കരിമരുന്ന് മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും യൂനിയന്‍ ജില്ലാ പ്രസിഡന്റ് ശിവന്‍ പുന്നപ്ര രക്ഷാധികാരി ടി.ആര്‍ ആസാദ്, രാജീവ് ഷേണായി, സോമരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."