യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം
മീററ്റ്: പൊലിസ് ഉച്ചഭാഷിണി നീക്കിയതിനെ തുടര്‍ന്ന് പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് ഇമാം. ഉത്തര്‍പ്രദേശിലെ സംഭലില്‍ ഷാഹി ജുമാ മസ്ജിദിലാണ് സംഭവം. ശനിയാഴ്ച പൊലിസ് വന്ന് ജുമാ മസ്ജിദിന്റെ ഉച്ചഭാഷിണി നീക്കുകയായിരുന്നു. മുഗള്‍ കാലഘട്ടം മുതലുള്ള പള്ളിയാണിത്.
പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണികള്‍ പാടില്ലെന്ന യോഗി സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് നേരത്തെ ഉച്ചഭാഷിണി സ്ഥാപിച്ചിരുന്ന ടെറസില്‍ കയറി നിന്ന് ഇമാം ബാങ്ക് വിളിച്ചത്.
ഇമാം മുഹമ്മദ് ഹാജി റഈസ് ബാങ്ക് വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.
WATCH -pic.twitter.com/d4wj8l2cs1
— Times Algebra (@TimesAlgebraIND) February 23, 2025
സര്‍ക്കാറിന്റെ ഉത്തരവനുസരിച്ച് എല്ലാ പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നുവെന്നും അതേ സമയം ടെറസില്‍ കയറി ബാങ്ക് വിളിക്കുന്നതിന് തടസ്സമില്ലെന്നും പൊലിസ് പ്രതികരിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്നും ഡി.എം രാജേന്ദര്‍ പെന്‍സിയ കൂട്ടിച്ചേര്‍ത്തു.
ഉച്ചഭാഷിണികള്‍ ഉപയോഗിച്ചതിന് സംഭല്‍ പൊലിസ് ജനുവരി 23 ന് രണ്ട് ഇമാമുമാര്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാത്തതിനാലാണ് കേസെടുത്തതെന്നാണ് അന്ന് പൊലിസ് നല്‍കിയ വിശദീകരണം. നിയമപരമായ പരിധിക്കപ്പുറം ശബ്ദമുണ്ടായിരുന്നുവെന്നും അവര്‍ വിശദമാക്കുന്നു. ബഹ്‌ജോയ് പൊലിസ് സ്റ്റേഷന്‍ അധികാരപരിധിയിലുള്ള ഒരു പള്ളിയിലെ ഇമാമായ റെഹാന്‍ ഹുസൈനെതിരെയാണ് ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഹയാത്‌നഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഇമാം ആലെ നബിക്കെതിരെ കേസെടുത്തു. രണ്ട് ഇമാമുമാര്‍ക്കെതിരെയും ബിഎന്‍എസ് സെക്ഷന്‍ 223 (ഒരു പൊതുപ്രവര്‍ത്തകന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അനുസരണക്കേട്), 293 (നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് ശേഷം പൊതുജനങ്ങള്‍ക്ക് ശല്യം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."