പെല്ലറ്റ് ഗണ്ണും പകരക്കാരനും
കശ്മിരില്‍ സംഘടിതസമരത്തിനു സാധ്യതയില്ലാത്ത അവസ്ഥയാണിന്ന്. പാക് പേടിമൂലം കശ്മിരിലുണ്ടാകുന്ന ഏതുതരം സമരത്തിനുംനേരേ പൊലിസിനും സുരക്ഷാസേനയ്ക്കും ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ; പെല്ലറ്റ് ഗണ്‍. മാരകശേഷിയില്ലാത്ത മാരകായുധമായി ഈ തോക്കുകള്‍ മാറിയതോടെയാണ് ഇതിനെതിരേ ശബ്ദമുയര്‍ന്നത്.
ചര്‍ച്ചകള്‍ക്കും വീണ്ടുവിചാരത്തിനുംശേഷം ഇപ്പോള്‍ ഈ തോക്കുകള്‍ പിന്‍വലിച്ചെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പകരം 'പവ' തോക്കുകള്‍ പ്രചാരത്തില്‍കൊണ്ടുവരാന്‍ പോകുകയാണ്. അതേസമയം, പെല്ലറ്റ് ഗണ്‍ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണു കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍.
ഉന്നംപിടിക്കേണ്ടാത്ത ആയുധമെന്ന് വേണമെങ്കില്‍ പെല്ലറ്റ് ഗണ്ണിനെ വിലയിരുത്താം. സാധാരണ വെടിയുണ്ടയുപയോഗിച്ചു നിറയൊഴിക്കണമെങ്കില്‍ കൃത്യമായി ഉന്നംപിടിക്കണം. ഇവിടെ ലക്ഷ്യമല്‍പ്പം തെറ്റിയാലും ചിതറിവീഴുന്ന പെല്ലറ്റുകളില്‍ ഒന്നെങ്കിലും കൃത്യമായ ലക്ഷ്യത്തില്‍ ചെന്നുതറയ്ക്കുമെന്നുറപ്പ്. തൊടുക്കുമ്പോള്‍ ഒന്ന് തറയ്ക്കുമ്പോള്‍ നൂറ് എന്ന കണക്കാണിത്. ക്ലസ്റ്റര്‍ ബോംബിന്റെ തോക്ക് പതിപ്പെന്നും പറയാം. ക്ലസ്റ്റര്‍ ബോംബുകള്‍ ഇനി ഉപയോഗിക്കില്ലെന്നു കഴിഞ്ഞദിവസം അമേരിക്ക പ്രഖ്യാപിച്ചതും ഓര്‍ക്കേണ്ടതുണ്ട്.
പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ ഫലപ്രദമാണു പെല്ലറ്റ് തോക്കുകള്‍. ഉപയോഗക്രമം തെറ്റുന്നതിലൂടെ പ്രക്ഷോഭകരുടെ ജീവനുതന്നെ അതു ഭീഷണിയായി. ഹിസ്ബുള്‍ ഭീകരനെന്നു കണ്ടെത്തി പൊലിസ് ബുര്‍ഹാന്‍വാനിയെന്ന യുവാവിനെ വെടിവച്ചുകൊന്നതോടെയാണു കശ്മിരില്‍ ഇപ്പോഴത്തെ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. അന്‍പതിലധികംപേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതോടെയാണു പെല്ലറ്റ് ഗണ്‍ ഭീകരായുധമായി ജനശ്രദ്ധയിലേയ്ക്കു വരുന്നത്. പെല്ലറ്റ് ഗണ്‍ വെടിവയ്പില്‍ പരുക്കേറ്റ പലര്‍ക്കും നെഞ്ചിലും അടിവയറ്റിലും മാരകമായി മുറിവേറ്റതായി പറയുന്നു. പലര്‍ക്കും കാഴ്ച നഷ്ടമായി. നിരവധിപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
പെല്ലറ്റ് ഗണ്‍ കശ്മിരില്‍
2010ല്‍ കശ്മിരിലുണ്ടായ കലാപത്തില്‍ 112 പ്രതിഷേധക്കാരാണു കൊല്ലപ്പെട്ട സാഹചര്യത്തില്‍ അന്നു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ് അത്ര മാരകമല്ലാത്തതരത്തില്‍ നിലവിലുള്ള പെല്ലറ്റ് തോക്കുകള്‍ കൊണ്ടുവന്നത്. മരണനിരക്കു കുറയ്ക്കാനുദ്ദേശിച്ചായിരുന്നു ഇത്. കലാപമുണ്ടാക്കുന്ന പൗരന്മാരെ വെടിവച്ചുകൊല്ലാതെ പിന്തിരിപ്പിക്കാനുള്ള മാര്‍ഗമായാണ് ഇതിനെ കരുതിയത്. ഇന്നു കശ്മിരില്‍ നടക്കുന്ന ഏതുതരം കലാപത്തിന്റെയും സമരങ്ങളുടെയും നേരേ പൊലിസ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നു. പെല്ലറ്റ് ഗണ്‍ ഉപയോഗം അരുതെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ സംഘടനകളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
പെല്ലറ്റ് ഗണ്‍ എന്ത്, എന്തിന്
പ്രക്ഷോഭകരെ പിരിച്ചുവിടാനും പിന്തിരിപ്പിക്കാനും ലോകമാകെ ഉപയോഗത്തിലിരിക്കുന്ന അത്ര മാരകമല്ലാത്ത ആയുധമാണു പെല്ലറ്റ് തോക്കുകള്‍. ഒരുതരം എയര്‍ഗണ്ണായ ഇതിനെ ബിബിഗണ്‍ എന്നും വിളിക്കുന്നു. വായുസമ്മര്‍ദ്ദത്തോടെയാണ് ഈ തോക്കുകള്‍ ഉപയോഗിക്കുന്നത്. കാഞ്ചിവലിക്കുന്നതോടെ വായുമര്‍ദ്ദത്താല്‍ തോക്കില്‍നിന്നുചീറിപ്പായുന്ന പെല്ലറ്റുകള്‍ ആയുധങ്ങളുടെ പൂര്‍വഗണത്തില്‍പെടുത്താവുന്നതും അമൂര്‍ത്തരൂപങ്ങളിലൊന്നുമാണ്.
പൊലിസും സൈന്യവും ഇതുപയോഗിക്കാറുണ്ട്. വേട്ടയാടുന്നതിനും കീടനിയന്ത്രണത്തിനും പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാറുണ്ട്. പെല്ലറ്റ്ഗണിനു സമാനമായി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണു കണ്ണീര്‍വാതകഷെല്ലുകളും ജനപീരങ്കിയും കുരുമുളക് സ്‌പ്രേയും വൈദ്യുതതോക്കും മറ്റും.
പരുശക്കേല്‍പിക്കുകയും വേദനയ്ക്കു കാരണമാകുകയും ചെയ്യുന്ന ആയുധമാണു പെല്ലറ്റ്ഗണ്‍. ഏറെ അടുത്തെത്തിയ പ്രക്ഷോഭകാരികളെ പ്രതിരോധിക്കാന്‍ ഇതു ഫലപ്രദമാണ്. ഉദാഹരണത്തിന് 500 വാരവരെ അടുത്തെത്തിയ പ്രക്ഷോഭകരെ പെല്ലറ്റ് ഗണ്‍ ഉപയോഗത്തിലൂടെ ഫലപ്രദമായി നേരിടാം. മുറിവേല്‍പിച്ചു പിന്തിരിപ്പിക്കാം. എന്നാല്‍, 500 വാരയിലും കുറഞ്ഞ അകലത്തിലുള്ള പ്രക്ഷോഭകനുനേരേ ഇതു പ്രയോഗിക്കുന്നതു മാരകമാവും. കണ്ണുപോലെ ലോലഭാഗങ്ങള്‍ക്കു ഗുരുതരമായി മുറിവേല്‍ക്കും. മൃദുകോശങ്ങളെ തുളച്ചുകയറാന്‍ പെല്ലറ്റിനു കഴിയുമെന്നതുകൊണ്ടാണിത്. അതിനാല്‍, സുരക്ഷാ ഉദ്യോഗസ്ഥന്റെ ജീവനുഭീഷണിയാണെന്ന അവസ്ഥയില്‍പ്പോലും പ്രക്ഷോഭകന്റെ അരയ്ക്കുമുകളില്‍ പെല്ലറ്റ് തോക്കുപയോഗിച്ചു നിറയൊഴിക്കാന്‍ അനുമതിയില്ല. ഇതു പാലിക്കപ്പെടാറില്ല.
രണ്ടു ശ്രേണികളിലുള്ള പെല്ലറ്റ് ഗണ്ണുകളാണു കശ്മിരില്‍ ഉപയോഗിച്ചത്. ഫോര്‍ ബൈ ഫൈവ് എന്നയിനം തോക്കായിരുന്നു ആദ്യം പ്രചാരത്തിലുണ്ടായിരുന്നത്. 2010 ല്‍ 112 പേര്‍ ഈ തരം തോക്കുകളുടെ പ്രയോഗത്തെതുടര്‍ന്നു കൊല്ലപ്പെട്ടതോടെ എയ്റ്റ് ബൈ നയന്‍ എന്നയിനം ഉപയോഗിക്കാന്‍ തുടങ്ങി. അത്ര മാരകമല്ലാത്ത ഈ ഇനമാണു രണ്ടരവര്‍ഷമായി കശ്മിരില്‍ ഉപയോഗിക്കുന്നത്.
പെല്ലറ്റ് എന്ത്
പെല്ലറ്റ് ഗണ്ണില്‍ ഉപയോഗിക്കുന്ന പെല്ലറ്റ് കാട്രിഡ്ജുകള്‍ ഈയമോ സങ്കരലോഹമോ ഉപയോഗിച്ചാണു നിര്‍മിക്കുന്നത്. ബോള്‍ ബെയറിങ്‌പോലെ ഗോളാകൃതിയിലുള്ളതോ അമ്പുപോലുള്ളതോ കൃത്യമായ ആകൃതി ഇല്ലാത്തതോ ആയിരിക്കും. വെടിവയ്ക്കുമ്പോള്‍ നൂറുകണക്കിനു ലോഹകണികകള്‍ പ്രക്ഷോഭകരില്‍ ആഞ്ഞുതറയ്ക്കും. പെല്ലറ്റ് കണ്ണില്‍ തറച്ചാല്‍ പരിക്കു ഗുരുതരമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ത്യയില്‍ ഈശാപൂരിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് പെല്ലറ്റ് ഗണ്ണുകള്‍ നിര്‍മിക്കുന്നത്. ജമ്മുകശ്മിരിലെ പൊലിസ് സേനയും കേന്ദ്രറിസര്‍വ് സേനയും ഇതുപയോഗിക്കുന്നു. 2010 ഓഗസ്റ്റിലാണ് ഈ തോക്കുകള്‍ കശ്മിരില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ന് അറുന്നൂറിലധികം പെല്ലറ്റ്് ഗണ്ണുകള്‍ സി.ആര്‍.പി.എഫിന്റെ കൈവശമുണ്ട്.
പവ തോക്കുകള്‍
പെല്ലറ്റ് ഗണ്ണിനുപകരം ഒച്ചകൂടിയ പീരങ്കികള്‍, മുളകുപൊടി ഗ്രനേഡ്, കുരുമുളക് ഷോട്ഗണ്‍ എന്നിവ ഉപയോഗിക്കാമെന്ന് ഉത്തരമേഖല ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഡി.എസ് ഹൂഡ നിര്‍ദേശം വച്ചിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിലെ ഏഴംഗ വിദഗ്ധസംഘം പെല്ലറ്റിനുപകരം ആയുധം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു പവ തോക്കുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് (ഐ.ഐ.ടി.ആര്‍) ഒരു വര്‍ഷമായി പരീക്ഷണംനടത്തിക്കൊണ്ടിരുന്നതാണു പവ തോക്കുകള്‍. നോനിവാമൈഡ് എന്നറിയപ്പെടുന്ന പെലാര്‍ഗോണിക് ആസിഡ് വനിലൈല്‍ അമൈഡ് (പി.എ.വി.എ) ആണ് പവ കൊണ്ടുദ്ദേശിക്കുന്നത്. മുളകിലുള്ള ഒരു ജൈവപദാര്‍ഥമാണിത്. മുളകിന്റെ എരിവ് അളക്കാനുള്ള സ്‌കോവില്‍ സ്‌കെയിലില്‍ ഏറ്റവും എരിവിനും മേലെയാണ്. അതായത് ഇത് എരിയിച്ചുവശംകെടുത്തിക്കളയും.
ആഹാരസാധനങ്ങളില്‍ എരിവിനുപയോഗിക്കുന്ന ഈ പദാര്‍ത്ഥം സിന്തറ്റിക്പ്രക്രിയയിലൂടെ നിര്‍മിച്ചാണ് ആയുധത്തിലുപയോഗിക്കുന്നത്. ഗ്വാളിയറിലെ ബി.എസ്.എഫ് കണ്ണീര്‍ വാതകനിര്‍മാണയൂനിറ്റിന് ഇതു ധാരാളമായി നിര്‍മിക്കാനുള്ള ശേഷിയുണ്ട്. കുരുമുളക് സ്‌പ്രേ, കണ്ണീര്‍വാതകം എന്നിവയേക്കാള്‍ ഫലപ്രദവും പെല്ലറ്റ് ഗണിനൊപ്പം ശേഷിയുള്ളതുമാണു പവ. വെടിവയ്ക്കുന്നതോടെ ചീറിപ്പായുന്ന ഷെല്ലുകള്‍ പ്രക്ഷോഭകാരികളുടെ ഇടയില്‍ പൊട്ടുകയും തീഷ്ണ എരിവുപരത്തുകയും ചെയ്യും. പ്രക്ഷോഭകര്‍ നിശ്ചേഷ്ടരാകും. ഡൈ മാര്‍ക്ക് ഗ്രനേഡ് (ലക്ഷ്യത്തില്‍ പൊട്ടുകയും പ്രക്ഷോഭകാരികളുടെ ദേഹത്ത് ഡൈ മാര്‍ക്ക് വരുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും), സ്റ്റണ്‍ ഗ്രനേഡ് (പ്രക്ഷോഭകരെ സ്തംബ്ധരാക്കുന്നതും ഏറെ നേരത്തേക്കു കാഴ്ചയില്ലാതാക്കുന്നതും) എന്നീ ആയുധങ്ങളും ഉപയോഗത്തിലേയ്ക്കു വന്നേയ്ക്കും.
പ്രക്ഷോഭകരെപ്പോലെ
സുരക്ഷാസേനയും
കശ്മിരില്‍ സുരക്ഷാസൈനികര്‍ പ്രക്ഷോഭകരെ നേരിടുന്നതു ജീവന്‍ പണയംവച്ചാണ്. പ്രക്ഷോഭം അടിച്ചമര്‍ത്തി തിരിച്ചുപോകാമെന്ന ഒരു ഗാരണ്ടിയും ഇല്ല. വിവിധ മതവിഭാഗത്തിലുള്ള പൊലിസുകാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാസൈനികര്‍ക്കു പ്രക്ഷോഭം അടിച്ചമര്‍ത്തിയേ മതിയാവൂ. ഈ വര്‍ഷം മാത്രം കശ്മിരില്‍ 1022 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കാണു പരുക്കേറ്റത്. ജൂലൈ എട്ടു മുതല്‍ 16 വരെ നടന്ന പ്രക്ഷോഭത്തില്‍ കല്ലേറുമൂലമാണ് ഇതില്‍ 956 പേര്‍ക്കു പരുക്കേറ്റത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരി ഒന്നുമുതല്‍ ജൂലൈ ഏഴുവരെ 22 സുരക്ഷാസൈനികര്‍ക്കു കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റു. സമരക്കാര്‍ ഗ്രനേഡ് പ്രയോഗിച്ചതില്‍ 44 സുരക്ഷാ സൈനികര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."