ഇന്ന് അന്താരാഷ്ട്ര അറബിഭാഷാ ദിനം; അരുന്ധതിയുടെ ഹൃദയത്തിലുണ്ട് അറബിഭാഷ, സഹോദരങ്ങളുടെയും
മലപ്പുറം: വിജ്ഞാനത്തിന് അതിരുകളില്ലെന്നും ഭാഷകൾ മനുഷ്യരെ ബന്ധിപ്പിക്കുന്ന പാലമാണെന്നും ജീവിതംകൊണ്ട് തെളിയിക്കുകയാണ് മങ്കട പള്ളിപ്പുറം സ്വദേശി അരുന്ധതിയും കൂടെപിറപ്പുകളും. അറബിഭാഷയുടെ അന്താരാഷ്ട്ര പ്രസക്തിയും തൊഴിൽസാധ്യതകളും തിരിച്ചറിഞ്ഞാണ് പള്ളിപ്പുറം ചീരക്കുഴി സുരേഷും ഭാര്യ സുമിത്രയും മക്കളെ ആ ലോകത്തേക്ക് കൈപിടിച്ചുനടത്തിയത്.
മൂത്ത മകൾ അരുന്ധതി മലപ്പുറം ഗവ.കോളജിലെ നാലാം സെമസ്റ്റർ അറബിക് ബിരുദ വിദ്യാർഥിനിയാണ്. ഒന്നാം ക്ലാസ് മുതൽ അറബി പഠിച്ചുതുടങ്ങി. എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പ്ലസ് ടുവിന് അറബിയിൽ മുഴുവൻ മാർക്കും നേടിയതാണ് ഭാഷാ പഠനത്തിൽ ഉപരിപഠനത്തിന് പ്രചോദനമായത്. ഇനി ബിരുദാനന്തര ബിരുദവും നെറ്റും കരസ്ഥമാക്കി ഡോക്ടറേറ്റ് നേടുകയാണ് സ്വപ്നം. പഠനത്തിന് പുറമെ കലാവേദികളിലും അറബിയെ അരുന്ധതി കൂടെക്കൂട്ടി.
സ്‌കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതല അറബിക് മോണോ ആക്ട്, പദ്യപാരായണം എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്. അറബിക്കവിതകളും ലേഖനങ്ങളും അനായാസം വായിക്കുന്നു. ആഴത്തിൽ പഠിക്കുന്നു. സഹോദരിമാരായ അനവദ്യയും അന്വയും ഒട്ടും പിന്നിലല്ല.
പള്ളിപ്പുറം ജി.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അനവദ്യയ്ക്ക് പ്രിയപ്പെട്ട വിഷയം അറബിയാണ്. അറബി അക്ഷരങ്ങളും വായനയും സ്വായത്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ അന്വയ രണ്ടാം ഭാഷയായി മലയാളമാണ് പഠിക്കുന്നതെങ്കിലും അറബി ഭാഷയുടെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
തനിക്ക് അറബി പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതൊരു മതവിഭാഗത്തിന്റെ മാത്രം ഭാഷയാണെന്ന തെറ്റായ പൊതുബോധം കാരണം ആ ആഗ്രഹം മാറ്റിവയ്ക്കേണ്ടി വന്നതായി പിതാവ് സുരേഷ് ഓർക്കുന്നു. എന്നാൽ പിന്നീട് ലോകോത്തരമായ ഭാഷയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ അറിവ് മക്കൾക്ക് പകർന്നു നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
20 വർഷമായി പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്ലംബറായ സുരേഷ് മക്കളുടെ ഭാഷാപ്രേമത്തിന് അധ്യാപകരിൽ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനങ്ങളും വലുതാണന്നും പറഞ്ഞു. ഇത്തരം പ്രചോദനങ്ങളാണ് അവരെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷരങ്ങളിലൂടെ സംസ്‌കാരങ്ങളെ തൊട്ടറിയുന്ന ഈ കുടുംബം അറബി ഭാഷാദിനത്തിൽ സ്‌നേഹത്തിന്റെ മനോഹരമായ സന്ദേശം കൂടിയാണ് പകർന്നുനൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."