താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. പ്രതികൂല കാലാവസ്ഥയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് 400 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴക്കാലത്തെയും വെള്ളപ്പൊക്ക സാഹചര്യങ്ങളെയും നേരിടാൻ 2017-ലെ 178-ാം നമ്പർ മന്ത്രിതല പ്രമേയം അനുസരിച്ചുള്ള നിയമങ്ങളാണ് നിലവിൽ നടപ്പിലാക്കുന്നത്. വിനോദത്തിനായി താഴ്‌വരകളിലും (Valleys) അണക്കെട്ടുകൾക്ക് സമീപവും ഒത്തുകൂടുന്നവർക്ക് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. എന്നാൽ, അപകടസാധ്യത അവഗണിച്ച് കുത്തിയൊലിക്കുന്ന താഴ്‌വരകളിലേക്ക് വാഹനം ഇറക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിനൊപ്പം 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
രക്ഷാപ്രവർത്തനങ്ങൾക്കും ആംബുലൻസ് സേവനങ്ങൾക്കും തടസ്സമുണ്ടാക്കുന്നവർക്കും കനത്ത ശിക്ഷ ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ അധികൃതരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയാൽ 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. ഇതിനുപുറമെ, വാഹനമോടിക്കുന്നതിനിടയിൽ മഴയുടെയോ മൂടൽമഞ്ഞിന്റെയോ വീഡിയോകളും ഫോട്ടോകളും പകർത്തിയാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ഈടാക്കും.
ഹസാർഡ് ലൈറ്റുകൾ അനാവശ്യമായി ഓണാക്കി വാഹനമോടിക്കുന്നവർക്ക് 500 ദിർഹമാണ് പിഴ. മൂടൽമഞ്ഞുള്ള സമയത്ത് കൃത്യമായ ലൈറ്റുകൾ ഉപയോഗിക്കാത്തതിനും ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിക്കുന്നതിനും 500 ദിർഹം വീതം പിഴ ചുമത്തും. പൊലിസ് നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനം നിർത്താതെ പോകുന്നവർക്ക് 800 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മഴക്കാലത്ത് വാഹനമോടിക്കുന്നവർ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകളും അധികൃതർ പങ്കുവെച്ചു. യാത്ര ആരംഭിക്കുന്നതിന് മുൻപ് ടയറുകളുടെയും വിൻഡ്ഷീൽഡ് വൈപ്പറുകളുടെയും പ്രവർത്തനക്ഷമത ഉറപ്പാക്കണം. വെള്ളക്കെട്ടുകളിലൂടെ പോകുമ്പോൾ വേഗത കുറയ്ക്കുകയും മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാഴ്ച പരിധി കുറവായ സാഹചര്യങ്ങളിൽ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കണമെന്നും എന്നാൽ ഹസാർഡ് ലൈറ്റുകൾ ഓണാക്കി ഓടിക്കരുതെന്നും പൊലിസ് നിർദ്ദേശിക്കുന്നു. റോഡിലെ വേഗപരിധി മാറ്റങ്ങൾ ശ്രദ്ധിക്കാനും ഇൻഫർമേഷൻ ബോർഡുകളിലെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം. താഴ്‌വരകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അടിയന്തര സേവനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു.
The Ministry of Interior has taken strict action against unsafe drivers as heavy rain continues to fall in various parts of the UAE. Authorities have warned that those who violate traffic rules in adverse weather conditions will be fined between Dh400 and Dh2,000 and face black points.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."