കുവൈത്തിൽ കടൽക്കാക്കകളെ വേട്ടയാടിയ സംഘം പിടിയിൽ; 17 കടൽക്കാക്കകളെ മോചിപ്പിച്ചു
കുവൈത്ത് സിറ്റി: വന്യജീവി വേട്ട തടയുന്നതിനുള്ള കർശന നീക്കങ്ങളുടെ ഭാഗമായി 17 കടൽക്കാക്കകളെ നിയമവിരുദ്ധമായി പിടികൂടിയ സംഭവത്തിൽ പ്രതികളെ പിടികൂടി. സുരക്ഷിതമല്ലാത്തതും നിയമം നിരോധിച്ചതുമായ മാർഗ്ഗങ്ങളിലൂടെ പക്ഷികളെ വേട്ടയാടിയ സംഘത്തെയാണ് പരിസ്ഥിതി മന്ത്രാലയം പൊലിസിന്റെ സഹായത്തോടെ പിടികൂടിയത്.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. പിടിയിലായവരിൽ നിന്ന് പിടിച്ചെടുത്ത കടൽക്കാക്കകളെ ഉടൻ തന്നെ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷികൾക്ക് പരുക്കുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സയന്റിഫിക് സെന്ററുമായി ചേർന്ന് അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടതായി ഇപിഎ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 100 പ്രകാരം വന്യജീവികളെ വേട്ടയാടുന്നതോ, കൊല്ലുന്നതോ, കൈവശം വെക്കുന്നതോ കടുത്ത കുറ്റകൃത്യമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 500 മുതൽ 5,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം. ഇതിനുപുറമേ വേട്ടയാടാൻ ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടും. പക്ഷികളുടെ മുട്ടകൾ, കൂടുകൾ, ആവാസവ്യവസ്ഥകൾ എന്നിവ നശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി പ്രത്യേക അനുമതിയോടെ നടത്തുന്ന വേട്ടയാടലുകൾക്ക് മാത്രമേ നിയമത്തിൽ ഇളവുകളുള്ളൂ. രാജ്യത്തെ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
kuwait police seized seventeen seagulls caught through prohibited hunting methods and arrested suspects. authorities said the operation violated wildlife protection laws and warned of strict penalties including fines imprisonment and equipment confiscation to safeguard marine biodiversity and environmental balance nationwide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."