മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ തുടർച്ചയായ രണ്ടാം തവണയും സ്ഫോടനം. ബുധനാഴ്ച പുലർച്ചെ തെക്കൻ മോസ്കോയിലെ യെലെറ്റ്‌സ്കായ സ്ട്രീറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥരും മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടു. പൊലിസ് വാഹനത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാളെ ചോദ്യം ചെയ്യാനായി ഉദ്യോഗസ്ഥർ അടുത്തേക്ക് ചെന്നപ്പോഴാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
ലഫ്റ്റനന്റ് ഇല്യ ക്ലിമാനോവ് (24), ലഫ്റ്റനന്റ് മാക്സിം ഗോർബുനോവ് (25). കൊല്ലപ്പെട്ട മൂന്നാമത്തെയാൾ സ്ഫോടനം നടത്തിയ ആളാണോ അതോ വഴിയാത്രക്കാരനാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നു.സംശയാസ്പദമായി കണ്ട വ്യക്തി പൊലിസുകാർ അടുത്തേക്ക് വന്നതോടെ സ്ഫോടകവസ്തു പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വ്യക്തമാക്കുന്നത്.സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തി. കൊലപാതക ശ്രമം, സ്ഫോടകവസ്തുക്കളുടെ അനധികൃത കടത്ത് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
സൈനിക ജനറലിന്റെ വധം
ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് (തിങ്കളാഴ്ച) മോസ്കോയിലെ യാസെനേവ സ്ട്രീറ്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ സ്റ്റാഫിന്റെ ഓപ്പറേഷണൽ ട്രെയ്‌നിങ് ഡയറക്ടറേറ്റ് തലവൻ ലഫ്റ്റനന്റ് ജനറൽ ഫാനിൽ സർവറോവ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാറിനടിയിൽ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
ഈ രണ്ട് ആക്രമണങ്ങളും നടന്നത് തെക്കൻ മോസ്കോയിലെ അടുത്തടുത്ത പ്രദേശങ്ങളിലാണെന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാക്കുന്നുണ്ട്. ജനറലിന്റെ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗമാണെന്ന് റഷ്യ ആരോപിച്ചിരുന്നു. പുതിയ സ്ഫോടനത്തെക്കുറിച്ചും സമാനമായ സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."