ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് നടക്കും. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് നടക്കുക. സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം നാളെയും നടക്കും. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാകും നേതൃയോഗങ്ങളിലെ പ്രധാന വിഷയം. യു.ഡി.എഫിന്റെ തേരോട്ടത്തിലും തങ്ങളുടെ മന്ത്രിമാരിൽ ഭൂരിഭാഗവും പിടിച്ചുനിന്നത് സി.പി.ഐ നേതൃത്വത്തിന് ആശ്വാസമെങ്കിലും മന്ത്രിപ്പട കൂട്ടത്തോടെ നിലംപൊത്തുകയും മുഖ്യമന്ത്രി പോരാട്ടത്തിൽ കിതക്കുകയും ചെയ്തത് സി.പി.എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കനത്ത തിരിച്ചടിയുണ്ടായതിനു പിന്നാലെ സി.പി.എം നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം പാർട്ടി അണികൾക്കിടയിലും പിണറായിവിരുദ്ധ ചേരിയിലും ശക്തമായിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃത പ്രവർത്തനങ്ങളാണ് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും ചർച്ചയായിട്ടുണ്ട്. 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പരാമർശം. പിതാവ് കോടിയേരി ബാലകൃഷ്ണനും വി.എസ് അച്യുതാനന്ദനും സീതാറാം യെച്ചൂരിയുമായുള്ള ചിത്രവും അദ്ദേഹം ഇതിനു താഴെ പങ്കുവച്ചിരുന്നു. സി.പി.എമ്മിനുള്ളിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരായ വിമർശനം ഉയർന്നു തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി ഗോവിന്ദൻ ഒഴിവാകണമെന്ന അഭിപ്രായവും രൂaപപ്പെട്ടിട്ടുണ്ട്. പാർട്ടി സെക്രട്ടറിയായ ശേഷം രണ്ടുവർഷത്തിനിടെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് തിരിച്ചടി നേരിട്ടുവെന്നത് എം.വി ഗോവിന്ദനെതിരായ നീക്കത്തിന് ഊർജമേകുന്നുണ്ട്.
meeting of Left parties will be held today; calls are rising within the Communist Party of India (Marxist) for a leadership change.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."