അന്താരാഷ്ട്ര മത്സരങ്ങൾ: പാക് താരങ്ങൾക്കുള്ള വിലക്ക് കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പാക് കായിക താരങ്ങൾക്ക് പങ്കെടുക്കാനുള്ള വിലക്ക് കേന്ദ്രം പിൻവലിച്ചു. പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
ആഗോള കായിക പരിപാടികളെ ഉഭയകക്ഷി മത്സരങ്ങളിൽനിന്ന് വേർതിരിക്കുന്ന നയം രൂപീകരിച്ചതായി കേന്ദ്രം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.
ഇന്ത്യയിലോ വിദേശത്തോ ഉള്ള അന്താരാഷ്ട്ര, ബഹുമുഖ മത്സരങ്ങളിൽ അന്താരാഷ്ട്ര കായിക സംഘടനകളുടെ രീതികളും നമ്മുടെ കായികതാരങ്ങളുടെ താൽപര്യങ്ങളുമാണ് സർക്കാറിനെ നയിക്കുന്നത്. ഇന്ത്യൻ ടീമുകളും വ്യക്തിഗത കളിക്കാരും പാകിസ്ഥാനിൽനിന്നുള്ള ടീമുകളോ കളിക്കാരോ ഉള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കും. അതുപോലെ, പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ഉഭയകക്ഷി കായിക മത്സരങ്ങളുണ്ടാകില്ല.
പാകിസ്ഥാൻ കളിക്കാർക്ക് ലോകകപ്പ് അല്ലെങ്കിൽ മൾട്ടി-സ്‌പോർട്‌സ് ഗെയിമുകൾ പോലുള്ള മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് വരാം. ഇത്തരം പ്രധാന ഇവന്റുകൾ സംഘടിപ്പിക്കുന്നതിന് അത്ലറ്റുകൾ, ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര കായിക സംഘടനകൾ എന്നിവർക്ക് വിസ ലഭിക്കുന്നത് ഇന്ത്യ എളുപ്പമാക്കുമെന്നും കേന്ദ്രം അറിയിച്ചു. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."