വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്തണമെന്നും ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കലാക്കണമെന്നും ധവളപത്രത്തിൽ ശുപാർശ. കേന്ദ്ര സർക്കാരിന് സമാനമായ ഈ പരിഷ്കാരങ്ങളിലൂടെ വലിയ തോതിൽ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ ഉയർന്ന ശരാശരി ആയുർദൈർഘ്യം കണക്കിലെടുക്കുമ്പോൾ നിലവിലെ വിരമിക്കൽ പ്രായം വളരെ നേരത്തെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിരമിക്കൽ പ്രായം ഓരോ വർഷം ഉയർത്തുമ്പോഴും ആനുകൂല്യങ്ങൾ നൽകുന്ന ഇനത്തിൽ മാത്രം സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപ ലാഭിക്കാനാകും.
ജീവനക്കാരുടെ സേവനം കൂടുതൽ കാലം പ്രയോജനപ്പെടുത്തുന്നത് ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കും. നിലവിലെ അഞ്ച് വർഷത്തിന് പകരം ശമ്പള കമ്മീഷനുകൾ പത്ത് വർഷത്തിലൊരിക്കലാക്കുന്നത് ചെലവ് ചുരുക്കാൻ സഹായിക്കും. ശമ്പളവും പെൻഷനും ഇനത്തിലുള്ള ഭാരിച്ച ചെലവുകൾ കുറയ്ക്കാൻ കഠിനമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്ന് ധവളപത്രം അടിവരയിടുന്നു.
റവന്യൂ അടിത്തറ തകരുന്നു; നികുതി വരുമാനത്തിൽ വൻ ഇടിവ്
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ റവന്യൂ പ്രകടനം വളരെ മോശമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം ചരിത്രത്തിലാദ്യമായി മറ്റ് സംസ്ഥാനങ്ങളുടെ ശരാശരിയേക്കാൾ താഴേക്ക് പോയി.
നികുതി-ജി.എസ്.ഡി.പി അനുപാതം: 2015-16ൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച നിലയിലായിരുന്ന (6.94%) അനുപാതം, 2025-26 ആയപ്പോഴേക്കും 6.41 ശതമാനമായി കുറഞ്ഞു.
2023 മുതൽ 2026 വരെയുള്ള കാലയളവിൽ കേരളത്തിന്റെ തനത് നികുതി വരുമാന വളർച്ച 8.4 ശതമാനം മാത്രമാണ്. മറ്റ് ഒമ്പത് സംസ്ഥാനങ്ങളുടെ ശരാശരി വളർച്ച 13.1 ശതമാനമായിരിക്കെ, ഈ ഗ്രൂപ്പിൽ ഏറ്റവും പിന്നിലാണ് കേരളം.
ജി.എസ്.ഡി.പി അനുപാതം 2015-16 ലെ 12.28 ശതമാനത്തിൽ നിന്ന് 2025-26ൽ 10.68 ശതമാനമായി ഇടിഞ്ഞു. മറ്റ് പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 17.17 ശതമാനമാണ്.
8.44 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി താഴ്ന്നു (മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി: 8.50%). കേരളത്തിന്റെ എസ്.ജി.എസ്.ടി - ജി.എസ്.ഡി.പി അനുപാതം 2.65 ശതമാനം മാത്രമാണ്.
സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകൾ പോലും പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണ് ധവളപത്രത്തിലെ മറ്റൊരു കണ്ടെത്തൽ. 2025-ലെ 365 ദിവസങ്ങളിൽ 262 ദിവസവും ദൈനംദിന കാര്യങ്ങൾ നടത്താൻ സർക്കാർ റിസർവ് ബാങ്കിന്റെ താൽക്കാലിക വായ്പയായ 'വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയാണ്' ആശ്രയിച്ചത്. വരുമാനവും ചെലവും തമ്മിലുള്ള താൽക്കാലിക വ്യത്യാസം നികത്താൻ വാങ്ങുന്ന ഈ തുക 90 ദിവസത്തിനകം പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതുണ്ട്.
ടാക്സ് ബോയൻസി ഒന്നിൽ താഴെ
സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി നികുതി വരുമാനം കൂടുന്നുണ്ടോ എന്ന് അളക്കുന്ന 'ടാക്സ് ബോയൻസി' സൂചികയിൽ കേരളം ഏറെ പിന്നിലാണ്. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 1.04 ആയിരിക്കുമ്പോൾ കേരളത്തിന്റേത് 0.96 മാത്രമാണ്. ടാക്സ് ബോയൻസി ഒന്നിൽ താഴെയാകുന്നത് സംസ്ഥാനത്ത് സാമ്പത്തിക വളർച്ചയുണ്ടാകുമ്പോഴും അതിനനുസരിച്ച് നികുതി പിരിവ് കാര്യക്ഷമമാകുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.
The state government's recently released white paper highlights a severe financial crisis, warning that immediate fiscal corrections are necessary to stabilize the economy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."