'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി
തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം കുടുംബത്തിന് പാർട്ടിയിൽ നിന്ന് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് ഭാര്യ വിനോദിനി കോടിയേരി. നിലവിൽ പാർട്ടിയിൽ ഉന്നത പദവിയിലിരിക്കുന്ന പി.ബി അംഗത്തിനെതിരെ പരോക്ഷ വിമർശനവുമായാണ് വിനോദിനി രംഗത്തെത്തിയത്.
ആവശ്യത്തിന് വിളിച്ചാൽ പോലും ഈ നേതാവ് ഫോൺ എടുക്കാറില്ലെന്നും, കഴിഞ്ഞ നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ തയ്യാറായിട്ടില്ലെന്നും വിനോദിനി തുറന്നടിച്ചു. 'പച്ചക്കുതിര' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനിയുടെ ഈ ഗുരുതര ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് വിനോദിനിയുടെ വിമർശനമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി നേതൃത്വം തങ്ങളെ പൂർണ്ണമായും കൈയൊഴിഞ്ഞ അവസ്ഥയിലാണെന്ന് വിനോദിനി പറയുന്നു. കേരളത്തിൽ പ്രധാന ചുമതല വഹിക്കുന്ന ഒരു പി.ബി അംഗം ഫോൺ വിളിച്ചാൽ പോലും പ്രതികരിക്കാറില്ല. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനോദിനി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബവും പാർട്ടിയും തമ്മിൽ അകൽച്ചയിലാണെന്ന സൂചനകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തുറന്നുപറച്ചിലുകൾ. മുതിർന്ന നേതാവിന്റെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടി നേതൃത്വത്തിനെതിരെ ഇത്തരമൊരു പരസ്യവിമർശനം ഉയർന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Vinodini Kodiyeri, the wife of the late CPI(M) leader Kodiyeri Balakrishnan, has indirectly criticized the party leadership, particularly state secretary M.V. Govindan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."