കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!
ധാക്ക: ഒന്നാം ഏകദിനത്തിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് നാണംകെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് സ്കോർ ബോർഡിൽ ഒരു റൺസ് പോലും ചേർക്കുന്നതിന് മുൻപ് തന്നെ വിലപ്പെട്ട 3 വിക്കറ്റുകളാണ് നഷ്ടമായത്. ബംഗ്ലാ ബൗളിംഗ് വീര്യത്തിന് മുന്നിൽ ഓസീസ് മുൻനിര അക്ഷരാർത്ഥത്തിൽ അടിയറവ് പറയുകയായിരുന്നു.
ഓപ്പണർ കൂപ്പർ കൊണോലി മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ, 4 പന്തുകൾ നേരിട്ട മാത്യു ഷോർട്ടിനെ തസ്കിൻ അഹമ്മദ് ക്ലീൻ ബൗൾഡാക്കി. തൊട്ടുപിന്നാലെയെത്തിയ മാറ്റ് റെൻഷോയെ അക്കൗണ്ട് തുറക്കും മുൻപ് മുസ്തഫിസുർ വീണ്ടും മടക്കിയതോടെ ഓസ്ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നിലേക്ക് കൂപ്പുകുത്തി.
23 വർഷത്തിന് ശേഷമുള്ള അപൂർവ നാണക്കേട്
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു റൺസ് പോലും നേടുന്നതിന് മുൻപ് 3 വിക്കറ്റുകൾ നഷ്ടമാകുന്ന നാലാമത്തെ മാത്രം സംഭവമാണിത്.ഇതിന് മുൻപ് പാകിസ്താൻ രണ്ട് തവണയും (1983-ൽ ന്യൂസിലാൻഡിനെതിരെ, 1997-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ)ബംഗ്ലാദേശ് ഒരു തവണയും (2003-ൽ ശ്രീലങ്കയ്ക്കെതിരെ) മാത്രമാണ് ഇത്തരത്തിൽ തകർന്നടിഞ്ഞിട്ടുള്ളത്.അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു മുൻനിര ടീം 23 വർഷങ്ങൾക്ക് ശേഷമാണ് ഈയൊരു മോശം റെക്കോർഡിലേക്ക് വീഴുന്നത് എന്ന പ്രത്യേകതയുമുണ്ട്.
രക്ഷകരായി ലബുഷെയ്നും ബാർട്ട്ലെറ്റും
മത്സരത്തിന്റെ തുടക്കത്തിൽ തകർന്നടിഞ്ഞ ഓസീസിനെ ഒരു ഘട്ടത്തിൽ 81 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ബംഗ്ലാ ബൗളർമാർ എറിഞ്ഞിട്ടിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ ഒന്നിച്ച മാർനസ് ലബുഷെയ്നും (55*), സേവ്യർ ബാർട്ട്ലെറ്റും (52) ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത സെഞ്ചുറി കൂട്ടുകെട്ടാണ് ടീമിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്.
ബാർട്ട്ലെറ്റ് പുറത്തായതിന് പിന്നാലെ 42 ഓവറിൽ ഓസ്ട്രേലിയ 187/8 എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എതുകയായിരുന്നു. പിന്നീട് ബാറ്റിംഗ് പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെ ഡക്‌വർത്ത് ലൂയിസ് (DLS) നിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 41 ഓവറിൽ 190 റൺസായി പുനർനിർണയിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ ഓവറിൽ തന്നെ ഓപ്പണർ തൻസിദ് ഹസനെ സ്കോർ ബോർഡ് തുറക്കും മുൻപ് ബാർട്ട്ലെറ്റ് പുറത്താക്കിയിരുന്നു. പക്ഷേ രണ്ടാം വിക്കറ്റിൽ കൂട്ടുചേർന്ന സൗമ്യ സർക്കാറും,നജ്മുൽ ഹസനും ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു. ബംഗ്ലാദേശ് 16.4 ഓവറിൽ 90 റൺസിന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബാറ്റിങ്ങ് തുടർന്നു കൊണ്ടിരിക്കുകയാണ്.
പരമ്പര നിലനിർത്താൻ ഓസീസിന് ജയം അനിവാര്യം
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 86 റൺസിന് തകർത്ത് ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ഏകദിന വിജയമായിരുന്നു അത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ 0-1 ന് പിന്നിലായ ഓസ്ട്രേലിയക്ക് പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന പോരാട്ടം ജൂൺ 14-ന് ഇതേ വേദിയിൽ വെച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."