ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം
തെഹ്റാൻ: യു.എസും ഇസ്റാഈലും നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഔദ്യോഗിക അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ തലസ്ഥാനമായ തെഹ്റാനിൽ ലക്ഷങ്ങൾ ഒഴുകിയെത്തി. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതോടെ ഇറാൻ തലസ്ഥാനം അക്ഷരാർഥത്തിൽ അപൂർവ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. ഇസ്റാഈലിന്റെ ആക്രമണഭീഷണി അവഗണിച്ചും ചടങ്ങിൽ ഒരു കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
തെഹ്റാനിലെ ഗ്രാൻഡ് മുസല്ലയിൽ ഖാംനഇയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ചതോടെയാണ് വൻജനക്കൂട്ടം ഒഴുകിയെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇറാനികൾ യു.എസിനും ഇസ്റാഈലിനും എതിരേ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രാർഥനകളും ഖുർആൻ സുക്തങ്ങളും ഉരുവിട്ടും പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയുള്ള അന്ത്യയാത്രയും അനുസ്മരണ ചടങ്ങുകളും ആരംഭിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് ആതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ചടങ്ങിൽ പങ്കെടുത്തു. ഇറാനിലെ 1979ലെ ഇസ്്ലാമിക വിപ്ലവത്തിന്റെ ശിൽപിയായ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പേരിലുള്ള പ്രാർഥനാ ഹാളിലാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർദിവസങ്ങളിലായി തെഹ്റാൻ, ഖും എന്നിവിടങ്ങളിലും പിന്നീട് ഇറാഖിലെ ബഗ്ദാദ്, നജഫ്, കർബല എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ നടക്കും. വ്യാഴാഴ്ച മഷ്ഹദിലെ ഇമാം രിസാ ദർഗയിൽ ഖാംനഇയെ അടക്കം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.
1989ൽ ഇമാം ഖുമൈനിയുടെ അന്ത്യകർമങ്ങളിൽ ഒരു കോടിയോളം പേരാണ് പങ്കെടുത്തത്. അതിനുശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പൊതുജനസാന്നിധ്യമുള്ള ചടങ്ങായാണ് ഖാംനഇയുടെ അന്ത്യകർമങ്ങൾ വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."