തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) കോടതി ശിക്ഷിച്ചത്.
പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രത്യേക നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ ജഡ്ജി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം.
2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽവെച്ചാണ് കണ്ടക്ടറായ അരുൺകുമാർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ദിവസവും സ്കൂളിൽ പോകാൻ കുട്ടി ആശ്രയിച്ചിരുന്നത് ഈ ബസ്സായിരുന്നു. യാത്രാത്തിരക്കിനിടയിൽ വെച്ചായിരുന്നു അതിക്രമം.
സംഭവത്തിൽ ഭയന്നുപോയ കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ തുടർന്നും ഇതേ ബസ്സിൽ തന്നെ പെൺകുട്ടിക്ക് യാത്ര ചെയ്യേണ്ടി വന്നു. പ്രതിയെ സ്ഥിരമായി കാണേണ്ടി വന്നത് കുട്ടിയെ കടുത്ത മാനസിക വിഷമത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിട്ടു. പിന്നീട് സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി തുറന്നുപറഞ്ഞത്.
അരുവിക്കര പൊലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ എൻ, മ്യൂസിയം സബ് ഇൻസ്‌പെക്ടർ ഷിജു വി.എൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 25 നിർണായക രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ കോടതിയിൽ ഹാജരായി. പ്രതിക്കെതിരെയുള്ള കുറ്റം സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
A bus conductor in Thiruvananthapuram has been sentenced to five years of rigorous imprisonment and a financial penalty for sexually abusing a schoolgirl. The court delivered the verdict after finding him guilty of the offenses charged against him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."