നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ
നെയ്യാറ്റിൻകര: കാഞ്ഞിരംകുളത്ത് ബൈക്കിന്റെ സൈലൻസർ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ആക്രമണത്തിൽ കാഞ്ഞിരംകുളം സ്വദേശിയായ മനു എന്ന യുവാവ് കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണറവിള കുഴിപ്പള്ളം സ്വദേശി ബിജു (48), ഇയാളുടെ മക്കളായ അമ്പാടി (18), മിഥുൻ (20), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് (17) എന്നിവരെ കാഞ്ഞിരംകുളം പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അമ്പാടി ഓടിച്ചിരുന്ന ബൈക്ക് മനുവിന്റെ വീടിന് മുന്നിൽ വെച്ച് പെട്രോൾ തീർന്ന് നിന്നുപോയിരുന്നു. തുടർന്ന് പെട്രോൾ വാങ്ങി ഒഴിച്ച് വണ്ടി സ്റ്റാർട്ടാക്കിയ ശേഷം അമ്പാടി ബൈക്ക് അമിതമായി റെയ്സ് ചെയ്ത് വലിയ ശബ്ദമുണ്ടാക്കി. ഇതേച്ചൊല്ലി മനുവും അമ്പാടിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും നാട്ടുകാർ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും ചെയ്തു.
ഇരുവരും പിരിഞ്ഞുപോയെങ്കിലും, തർക്കത്തിന് പിന്നാലെ മനു പിച്ചാത്തിയുമായി അമ്പാടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടയിലുണ്ടായ കൈയാങ്കളിയിൽ അമ്പാടിയുടെ സഹോദരൻ മിഥുന് പരുക്കേറ്റു. മകന് പരുക്കേറ്റതോടെ പിതാവ് ബിജു ഇടപെടുകയും സംഘർഷം രൂക്ഷമാവുകയുമായിരുന്നു. ഈ മൽപ്പിടുത്തത്തിനിടയിലാണ് മനുവിന് ഗുരുതരമായി കുത്തേറ്റത്.
കുത്തേറ്റ മനുവിനെയും പരുക്കേറ്റ മിഥുനെയും ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. തുടർന്ന് പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
മനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. കസ്റ്റഡിയിലുള്ള നാല് പ്രതികളെയും കാഞ്ഞിരംകുളം പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലിസ് അറിയിച്ചു.
a young man was stabbed to death in neyyattinkara following a dispute over the loud noise made by a motorbike. the police have taken four individuals into custody, including three members of the same family, in connection with the murder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."