'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എക്സൈസ് നടത്തിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്നര കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാന്നാറിൽ മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിറ്റ ആസാം സ്വദേശിയും, ബുധനൂരിൽ കഞ്ചാവുമായി ബംഗാൾ സ്വദേശിയുമാണ് പിടിയിലായത്.
മാവേലിക്കര - മാന്നാർ റോഡിൽ മീൻ കച്ചവടം നടത്തിയിരുന്ന ആസാം സ്വദേശി ബിനോയ് ഡൈമാറിയാണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. രാത്രി സമയങ്ങളിൽ ഇയാളുടെ കടയിൽ മീൻ വാങ്ങാൻ ആളുകളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാൽ, കച്ചവടത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മീനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്. രാത്രി കാലങ്ങളിൽ വൻതോതിൽ യുവാക്കൾ ഇവിടെയെത്തി കഞ്ചാവ് വാങ്ങിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മാന്നാറിന് സമീപമുള്ള ബുധനൂർ പുലിയൂർ-മാന്നാർ റോഡിൽ നിന്നാണ് രണ്ടാമത്തെ പ്രതി പിടിയിലാകുന്നത്. ഒന്നര കിലോ കഞ്ചാവുമായി ബംഗാൾ ഹരിരാംപൂർ സ്വദേശിയായ സനാതൻ സർക്കാർ (26) ആണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെയും സംഘത്തിന്റെയും പിടിയിലായത്.
പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
As part of the statewide anti-drug drive 'Operation Thunder', the enforcement authorities intercepted a major drug smuggling attempt in Chengannur. During a targeted inspection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."