തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ വിലയിരുത്തി തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സി.പി.എം തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെയും ജനങ്ങളുമായുള്ള ആശയവിനിമയത്തിലെയും വീഴ്ചകള്‍ പ്രധാന കാരണങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ പോരായ്മയുണ്ടായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് ബേബി വ്യക്തമാക്കി. മനുഷ്യസഹജമായ തെറ്റുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കുണ്ടായ എല്ലാ വീഴ്ചകളും തുറന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് അംഗം വരെ എല്ലാവരും സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്നും, ഓരോ തലത്തിലും ഉണ്ടായ പോരായ്മകള്‍ വിലയിരുത്തി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന സമിതി യോഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അറിയിച്ചു.
പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളും പാര്‍ട്ടി പരിശോധിക്കും. പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ അമിത ആത്മവിശ്വാസവും ജാഗ്രതക്കുറവും പ്രചാരണത്തിന്റെ തീവ്രത കുറയാന്‍ ഇടയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം പോലുള്ള ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ ഉയര്‍ന്ന ധാര്‍മിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും, നേതാക്കളുടെ ബന്ധുക്കള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതുമായി ബന്ധപ്പെട്ട ജനവികാരം കൃത്യമായി തിരിച്ചറിയുന്നതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും ബേബി പറഞ്ഞു. തെറ്റുകള്‍ മറച്ചുവെക്കാതെ ജനങ്ങള്‍ക്കുമുന്നില്‍ സമ്മതിച്ച് തിരുത്തുന്നതാണ് ഇടതുപക്ഷത്തിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്‍ മംഗളൂരുവില്‍ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്ന് എം.എ. ബേബി ആരോപിച്ചു. വ്യക്തിപരമായ സന്ദര്‍ശനമാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി.ജെ.പിക്കെതിരേ മതേതരജനാധിപത്യ ശക്തികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്നും ആര്‍.എസ്.എസ് നയങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ മാറ്റിവെക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണെന്നും, പാസ്‌പോര്‍ട്ടിനും പൗരത്വത്തിനും ബന്ധമില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
CPM General Secretary M.A. Baby said the party has decided to move forward with corrective measures after assessing the setbacks faced in the Kerala Assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."