യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്
ഗസ്സ സിറ്റി: പലസ്തീൻ പോരാട്ട സംഘടനയായ ഹമാസിന്റെ പുതിയ തലവനായി ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തു. 2024 ഒക്ടോബറിൽ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യഹ്‌യ സിൻവാറിന് പകരക്കാരനായാണ് അൽ ഹയ്യ സംഘടനയുടെ അമരം ഏറ്റെടുക്കുന്നത്. മുൻ ഹമാസ് മേധാവി ഖാലിദ് മിശ്അലിനെ ആഭ്യന്തര തെരഞ്ഞെടുപ്പിൽ മറികടന്നാണ് ഹമാസിന്റെ ഉപമേധാവിയായിരുന്ന ഖലീൽ അൽ ഹയ്യ ഈ പദവിയിലെത്തിയത്. തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
2024-ൽ ഇസ്റാഈലിന്റെ ആക്രമണങ്ങളിൽ ഹമാസിന്റെ പ്രധാന നേതാക്കളായ ഇസ്മാഈൽ ഹനിയ്യ, യഹ്‌യ സിൻവാർ, സൈനിക കമാൻഡർ മുഹമ്മദ് ദൈഫ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഹമാസ് നേതൃത്വത്തിൽ അൽ ഹയ്യ പ്രധാനിയാകുന്നത്. യുദ്ധകാലത്ത് സംഘടനയെ നയിക്കാൻ രൂപീകരിച്ച അഞ്ചംഗ താത്കാലിക ഭരണസമിതിയെ നയിച്ചതും അദ്ദേഹമായിരുന്നു.
ആരാണ് ഖലീൽ അൽ ഹയ്യ?
1960-ൽ ഗസ്സ മുനമ്പിലാണ് അൽ ഹയ്യ ജനിച്ചത്. 1987-ൽ രൂപീകരിച്ച കാലം മുതൽ ഹമാസിന്റെ സജീവ ഭാഗമാണ്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം സംഘടനയുടെ പ്രധാന നയതന്ത്ര നീക്കങ്ങൾക്ക് നേതൃത്വം നൽകി.
ഗസ്സയ്ക്ക് പുറത്തും ഹയ്യ പ്രവർത്തിച്ചിരുന്നതിനാൽ മറ്റ് രാജ്യങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിച്ചു. ഇസ്റാഈൽ, ഈജിപ്ത്, യു.എസ് എന്നിവരുമായി നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് സംഘത്തെ നയിച്ചത് അൽ ഹയ്യയായിരുന്നു.
കഴിഞ്ഞവർഷം ദോഹയിൽ വച്ച് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ അതിജീവിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്റാഈൽ ആക്രമണങ്ങളിൽ വലിയ വ്യക്തിപരമായ നഷ്ടങ്ങളും അൽ ഹയ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2014-ലെ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ മൂത്ത മകൻ ഉസാമയും ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു.
അടുത്തയാഴ്ച ഇസ്തംബുളിൽ നടക്കുന്ന യോഗത്തിൽ ഹമാസിന്റെ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. ഇനി ഇസ്റാഈലുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഖലീൽ അൽ ഹയ്യ തന്നെയാകും നേതൃത്വം നൽകുക.
Khalil al-Hayya has been officially named the new leader of Hamas, succeeding Yahya Sinwar, who was killed in an Israeli attack in October 2024. Al-Hayya, who previously served as the deputy chief, secured the top role after an internal vote over former leader Khaled Meshaal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."