HOME
DETAILS
MAL
മദ്യവര്‍ജനത്തില്‍ എല്‍.ഡി.എഫ് ഉറച്ചുനില്‍ക്കുന്നു
backup
April 23 2016 | 17:04 PM
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തില്‍ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സുപ്രധാന വിഷയങ്ങളിലെ ഇടതുപക്ഷ നിലപാടുകളെക്കുറിച്ചും സര്‍ക്കാരിന്റെ ഭരണവീഴ്ചകളെക്കുറിച്ചും പ്രതികരിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ എത്രമാത്രം വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്?എല്‍.ഡി.എഫ് ആവേശകരമായ വിജയം നേടി അധികാരത്തില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സര്‍ക്കാരിനു ഒരു തുടര്‍ ഭരണം നല്‍കുക എന്ന ആവശ്യം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. മുന്‍പ് എല്ലാക്കാലത്തും അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നു എന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകട്ടെ അതിന്റെ ജനപക്ഷ നിലപാടുകളില്‍ ഊന്നി നിന്നുകൊണ്ട് പ്രകടന പത്രിക കഴിഞ്ഞ ദിവസം പുറത്തിറക്കി. കേരളത്തിന്റെ വികസനത്തെയും പുരോഗതിയെയും സംബന്ധിച്ചുള്ള 35 പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് എല്‍.ഡി.എഫ് അതിന്റെ പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. ജനകീയ പ്രശ്‌നങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തിലെ സമസ്ത ജനവിഭാഗങ്ങള്‍ക്കും ദുരിതം മാത്രമാണ് നല്‍കിയത്. ആ സര്‍ക്കാരിന്റെ ഭരണത്തില്‍നിന്നും മോചിതരാകാന്‍ കേരളത്തിലെ ജനത ആഗ്രഹിക്കുകയാണ്. ഈ സാഹചര്യത്തില്‍ 2011വരെ അധികാരത്തിലിരുന്ന ഗവണ്‍മെന്റും അതിനുശേഷം അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റും തമ്മിലുള്ള താരതമ്യം കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിന്റെ സമസ്ത മേഖലകളിലും ഈ താരതമ്യ പഠനത്തിനും ഇതുസംബന്ധിച്ച ഏതു ചര്‍ച്ചക്കും ഏതു സംവാദത്തിനും ഇടതുമുന്നണി തയാറാണ്.
യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന അജന്‍ഡ പ്രധാനമായും വികസനത്തെ സംബന്ധിച്ചാണ്. സര്‍ക്കാരിന്റെ വികസനവാദത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?സര്‍ക്കാര്‍ നടത്തുന്നതെല്ലാം കള്ളപ്രചാരണങ്ങളാണ്. അവര്‍ പറയുന്നത് വികസനത്തിനു പ്രാധാന്യം നല്‍കുന്നു എന്നാണ്. കേരളത്തിലെ മനുഷ്യരെല്ലാം മറവി രോഗം ബാധിച്ചവരാണെന്ന് ഉമ്മന്‍ചാണ്ടി ധരിക്കരുത്. 2009ലാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. അന്ന് അധികാരത്തില്‍ ഉണ്ടായിരുന്നത് എല്‍.ഡി.എഫാണ്. അതിനുശേഷമാണ് പ്ലാനിങ് കമ്മിഷന്‍ അതിന് അംഗീകാരം നല്‍കുന്നത്. എല്‍.ഡി.എഫിന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെയാണ് 25.5കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി മെട്രോ നിര്‍മിക്കുന്നതിനെക്കുറിച്ച് ഡല്‍ഹി മെട്രോ കോര്‍പറേഷനുമായി പ്രാഥമിക ചര്‍ച്ച നടത്തുന്നത്. അന്ന് എല്‍.ഡി.എഫ് തുടക്കം കുറിച്ച പദ്ധതി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യു.ഡി.എഫിന്റെ വികസന നേട്ടം. രണ്ടാംഘട്ടത്തിന്റെ തുടക്കം എന്നൊക്കെ പറയുന്നു എന്നല്ലാതെ അതും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലംകൊണ്ട് ഈ ഗവണ്‍മെന്റിന് കഴിഞ്ഞില്ല. യു.ഡി.എഫിന്റെ ഏറ്റവും വലിയ വികസന നേട്ടമായി അവര്‍ പറയുന്നത് വിഴിഞ്ഞം തുറമുഖമാണ്. വലിയ പ്രചാരണം നടത്തുന്നുണ്ടല്ലോ? 5000 കോടിയിലധികം രൂപ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും മുതല്‍ മുടക്കുന്ന ഒരു സ്ഥാപനം രണ്ടായിരം കോടിയില്‍ താഴെ മുതല്‍ മുടക്കുന്ന ഒരു കോര്‍പറേറ്റ് കമ്പനിക്ക് നാല്‍പതു വര്‍ഷത്തേക്കോ, വേണ്ടിവന്നാല്‍ എണ്‍പതു വര്‍ഷത്തേക്കോ കൈമാറ്റം ചെയ്യപ്പെട്ടു എന്നുള്ളതല്ലാതെ മറ്റെന്തു നേട്ടമാണ് ഉണ്ടായത്? ജനങ്ങളെ കബളിപ്പിച്ച് വികസനത്തിന്റെ പുകമറ സൃഷ്ടിച്ച്, ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളില്‍നിന്നെല്ലാം മുഖം തിരിഞ്ഞ് നിന്ന ഒരു ഗവണ്‍മെന്റ് അധികാരം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയെക്കുറിച്ച്?ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രകടന പത്രികയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ചിരിക്കുന്നത്. ജനകീയ വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തി ഇടതുമുന്നണി അതിന്റെ പ്രകടന പത്രിക നടപ്പിലാക്കാന്‍ ശക്തമായി മുന്നോട്ടുവരും. പൈസ ഉള്ളവര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയില്‍ കേരളത്തിലെ നെല്‍വയലുകള്‍ നികത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവാദം നല്‍കി വരുകയായിരുന്നു. അത് പുനഃ പരിശോധിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ നെല്‍വയല്‍ സംരക്ഷിക്കുന്ന കൃഷിക്കാരന് റോയല്‍റ്റി നല്‍കുമെന്ന ഒരു പുതിയ കാര്യം കൂടി ഞങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
മദ്യവര്‍ജനമെന്നത് നയമല്ല, ഉപദേശമാണ് എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. എല്‍.ഡി.എഫിന്റെ മദ്യനയത്തെക്കുറിച്ച്?മദ്യനയം സംബന്ധിച്ചും യു.ഡി.എഫുമായി താരതമ്യ പഠനത്തിന് ഞങ്ങള്‍ തയാറാണ്. 2011ലെ യു.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത് വീര്യം കൂടിയ വിദേശമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും ഉദയഭാനു കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്നും ആയിരുന്നു. എന്നാല്‍ അവര്‍ എങ്ങനെയാണ് ഇത് നടപ്പിലാക്കിയത്? പുതിയ മദ്യനയം കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറച്ചിട്ടില്ല. ലോകത്ത് ഒരിടത്തും പരീക്ഷിച്ച് വിജയിക്കപ്പെടാത്ത ഒന്നാണ് മദ്യനിരോധനം. നിയമം മൂലം ഇത് നിരോധിക്കുന്നതിനപ്പുറം ബോധവല്‍ക്കരണത്തില്‍ക്കൂടി, മദ്യം വര്‍ജിക്കുക എന്നുള്ളതാണ് ശരി എന്ന രീതി നടപ്പാക്കുകയാണ് എല്‍.ഡി.എഫിന്റെ ഉദ്ദേശ്യം.
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ഇടതുസഖ്യത്തെക്കുറിച്ച് സി.പി.ഐയുടെ നിലപാട് എന്താണ്?ബംഗാളില്‍ അത്തരമൊരു രാഷ്ട്രീയ സഖ്യം ഇല്ലെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. അവിടെ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം സി.പി.എം നേതാക്കള്‍ വേദി പങ്കിടുന്നതിനെക്കുറിച്ച് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അഭിപ്രായം പറയേണ്ട ബാധ്യത എനിക്കില്ല. സി.പി.ഐയെ സംബന്ധിച്ച്, ഞങ്ങളുടെ ബംഗാള്‍ ഘടകം പറഞ്ഞിരിക്കുന്നത് അത്തരമൊരു പൊളിറ്റിക്കല്‍ അലയന്‍സോ ഒരു ജോയിന്റ് പ്ലാറ്റ്‌ഫോമോ അവിടെയില്ല എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിര്‍ക്കാന്‍ വേണ്ടി ബാക്കിയുള്ളവരെല്ലാംകൂടി അവിടെ യോജിക്കുന്നുണ്ട്. ശത്രുവിനെ എതിര്‍ക്കാന്‍ കുറഞ്ഞ ശത്രുത ഉള്ളവരുമായി കൂട്ടുകൂടുക എന്ന കമ്മ്യൂണിസ്റ്റ് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലെ പുതിയ സമീപനം. അത് ഒരു രാഷ്ട്രീയ അലയന്‍സ് അല്ല.
കേരളത്തിലെ ഇടതുമുന്നണിയിലെ നേതാക്കളുടെ അനൈക്യം സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ച്?അതൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാന്‍ പോകുന്നില്ല. വെറുതേ ആകാശക്കോട്ട കെട്ടേണ്ട. ഇടതുപക്ഷ മുന്നണിയില്‍ അങ്ങനെ ഒരു തരത്തിലുമുള്ള തര്‍ക്കവുമില്ല. ഇവിടെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന തര്‍ക്കം മാത്രമേയുള്ളൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത്തരത്തിലുള്ള ഒരുപാട് തര്‍ക്കങ്ങളെ ധാരാളമായി അതിജീവിച്ചാണ് കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. ഞങ്ങള്‍ അങ്ങനെതന്നെ മുന്നോട്ടു പോകുകയും ചെയ്യും. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഏതെങ്കിലും നേതാവിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്തമായ പ്രതികരണം ഉണ്ടായിട്ടുണ്ടോ എന്ന് അവരുടെ പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യേണ്ടത്. തയാറാക്കിയത് : പ്രജോദ് കടയ്ക്കല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."