യു.ഡി.എഫിന്റെ പ്രതിഷേധ സമരം: ഭൂനികുതി പ്രശ്‌നത്തിന് പരിഹാരമായി
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വില്ലേജ് ഓഫിസ് പരിധിയില്‍ മിച്ചഭൂമി പ്രശ്‌നം പറഞ്ഞ് നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന പ്രശ്‌നത്തിന് പരിഹാരമായി.
യു.ഡി.എഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കുമരംപുത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. മേഖലയിലെ അരിയൂര്‍, വട്ടമ്പലം, കുളപ്പാടം, പൂന്തിരിത്തിക്കുണ്ട്, ഒഴുകുപാറ, കാവുണ്ട തുടങ്ങിയ ഭാഗങ്ങളിലെ ഭൂവുടമകളില്‍ നിന്ന് നികുതി സ്വീകരിക്കുമ്പോള്‍ നികുതി ശീട്ടില്‍ മിച്ചഭൂമി എന്ന് രേഖപ്പെടുത്തി നല്‍കുന്നത് കഴിഞ്ഞ എട്ട് മാസത്തോളമായി പതിവായിരുന്നു.
ഇത് കര്‍ഷകരെ ഉള്‍പ്പെടെ വായ്പ എടുക്കുന്നതിനും, സ്ഥലം കൈമാറ്റത്തിനും തടസ്സമായി മാറിയിരുന്നു. തുടര്‍ന്ന് സൂര്യകുമാറിന്റെ നേതൃത്വത്തില്‍ കുളപ്പാടം മേഖലയിലെ 60ഓളം ഭൂവുടമകള്‍ നല്‍കിയ ഹരജിയില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ 2016 ഏപ്രില്‍ 28ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ മേഖലയിലെ മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ ഉത്തരവായ കേസിലെ സ്‌കെച്ചും, മഹസ്സറും കൃത്യമായി തയ്യാറാക്കിയ ഭൂമി ഒഴുകെയുളള ബാക്കി കൈവശക്കാര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റും, നികുതി രശീതും ശരിയായ രീതിയില്‍ നല്‍കുവാന്‍ ഉത്തരവിട്ടുന്നു.
എന്നാല്‍ കുമരംപുത്തൂര്‍ വില്ലേജില്‍ ഇതിന് ശേഷവും മിച്ചഭൂമി എന്ന് രേഖപ്പെടുത്തുന്നത് തുടര്‍ന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ബുധനാഴ്ച രാവിലെ 10.30ഓടെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി വില്ലേജ് ഓഫീസിലെത്തുകയും, അസി. വില്ലേജ് ഓഫീസര്‍ അപ്പുവുമായി ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസറെ ഉപരോധിച്ചു.
മണ്ണാര്‍ക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാജന്‍, അഫ്‌സല്‍ എന്നിവര്‍ സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി സംസാരിക്കുകയും ചെയ്തു.
നിലവിലെ ഓര്‍ഡര്‍ അനുസരിച്ച് നികുതി സ്വീകരിക്കാമെന്ന് അറിയിക്കുകയും നികുതി അടക്കാന്‍ വന്നവരില്‍ നിന്ന് ഇതനുസരിച്ച് നികുതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി. യു.ഡി.എഫ് നേതാക്കളായ പി.കെ സൂര്യകുമാര്‍, അസീസ് പച്ചീരി, നൗഫല്‍ തങ്ങള്‍, ഹുസൈന്‍ കോളശ്ശേരി, വൈശ്യന്‍ മുഹമ്മദ്, അര്‍സല്‍ എരേരത്ത്, ജയപ്രകാശ് വാഴോത്ത്, രാജന്‍, കെ.കെ ബഷീര്‍,സജീവ്, മുജീബ് മല്ലിയില്‍, സഹദ് അരിയൂര്‍,നൗഷാദ് വെളളപ്പാടം, നാസര്‍, കെ.കെ മൊയ്തുപ്പ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."