സഞ്ചാരികളേ..കോവളം ലൈറ്റ് ഹൗസ് ക്ഷണിക്കുന്നു !
കോവളം: ആരോഗ്യ പ്രശ്‌നങ്ങളോ പ്രായ വ്യത്യാസമോ ഇല്ലാതെ ആര്‍ക്കും ഇനി കോവളം ലൈറ്റ് ഹൗസിനു മുകളിലെത്താം..കാഴ്ചകള്‍ ആസ്വദിക്കാം..! ലൈറ്റ്ഹൗസിനുള്ളില്‍ ലിഫ്റ്റ്സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എറണാകുളത്തെ ആക്‌സിസ് എലിവേറ്റേഴ്‌സ് എന്ന സ്വകാര്യസ്ഥാപനമാണ് വിളക്കുമാടത്തില്‍ ലിഫ്റ്റ്സ്ഥാപിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്.
144 പടികളുടെ ഉയരമുള്ള ലൈറ്റ് ഹൗസിന്റെ മുകളിലെത്തി കോവളത്തിന്റെ വശ്യസൗന്ദര്യത്തെ നേരിട്ടറിയാന്‍ ചെറുപ്പക്കാര്‍ക്കു മാത്രമായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്. ചെറുപ്പക്കാരെ മാത്രമല്ല ഏത് പ്രായത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇതിനുള്ളില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ ലൈറ്റ്ഹൗസിന്റെ ചുമതലയുള്ള ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചത്.
നിലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈറ്റ് ഹൗസ് അടച്ചിട്ടിരിക്കുകയാണ്. ഇതുവരെയും പത്ത് രൂപയായിരുന്നു പ്രവേശനഫീസ്. ലിഫ്റ്റ് സ്ഥാപിച്ചശേഷം ടിക്കറ്റ് നിരക്ക് ഉയര്‍ത്തുമോ എന്നകാര്യം വ്യക്തമല്ല. നവംബറില്‍ കേരള പിറവി ദിനത്തില്‍ ലൈറ്റ് ഹൗസ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു നല്‍കാനാണ് അധികൃതരുടെ ശ്രമം. ലിഫ്റ്റ് കൂടി വരുന്നതോടെ വിളക്കു മാടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തന്നെയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."