മനുഷ്യക്കടത്ത് തടയുന്നതിനുള്ള പൊതുനിയമാവലിക്ക് ജി.സി.സി മന്ത്രിമാരുടെ അംഗീകാരം
ജിദ്ദ: മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട പൊതുനിയമാവലിക്ക് ജി.സി.സി നീതിന്യായ മന്ത്രിമാരുടെ അംഗീകാരം. റിയാദില്‍ നടന്ന 28ാമത് ജി.സി.സി നീതിന്യായ മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
തീവ്രവാദം, വര്‍ഗ വര്‍ണ വിവേചനം തുടങ്ങിയവക്കെതിരെ നിയമനിര്‍മാണം നടത്തുന്നതിനായി സംയുക്ത സമിതിക്ക് യോഗം രൂപം നല്‍കിയിട്ടുമുണ്ട്. ജി.സി.സി ജുഡീഷ്യറികളുടെ നീതിശാസ്ത്രം എന്ന പ്രബന്ധത്തിനും നീതിന്യായരംഗത്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത സ്വഭാവം രൂപപ്പെടുത്തണമെന്ന നിര്‍ദേശത്തിനും യോഗം അംഗീകാരം നല്‍കി.
ഓരോ ഗള്‍ഫ് രാജ്യത്തെയും നീതിവ്യവസ്ഥ പുനരവലോകനം ചെയ്യുകയും ഈ രംഗത്ത് അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണവും ഏകീകരണവും സാധ്യമാക്കുകയുമാണ് മന്ത്രിതല യോഗം ലക്ഷ്യമിടുന്നത്.
മനുഷ്യക്കടത്തിന് ഇരയായവരെ കണ്ടെത്താന്‍ ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഓര്‍ഗനൈസേഷന്റെ സഹായത്തോടെ അഭയകേന്ദ്രങ്ങളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടേറിയറ്റ് ഓഫ് ദ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് (ജി.എസ്.എസ്.സി.പി.ഡി) ആണ് ഇതിന്റെ ചെലവ് വഹിക്കുന്നത്.
ഡെല്‍ഫി സാങ്കേതികവിദ്യ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുക. യൂറോപ്യന്‍ യൂനിയനിലെ 27 രാജ്യങ്ങളില്‍ പൊലീസ്, സര്‍ക്കാര്‍ സമിതികള്‍, അക്കാദമിക സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടിയേറ്റ തൊഴില്‍ സമൂഹവുമായി ബന്ധപ്പെട്ട രാജ്യാന്തര സമിതികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാണ് സംവിധാനത്തിന് നേതൃത്വം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."