ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ക്കായി കേക്ക് ഒരുക്കം തുടങ്ങി
കൊച്ചി: ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളില്‍ കേക്ക് വിപണി സജ്ജമാക്കുന്നതിനായി കേക്ക് മിക്‌സിങ് ആഘോഷമാക്കി ഹോട്ടലുകളും ബേക്കറികളും കേക്ക് നിര്‍മാതാക്കളും. ഹോട്ടലുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് സമ്മാനമായി നല്‍കുന്നതിനായി വലിയ അളവിലാണ് കേക്ക് നിര്‍മ്മിക്കുന്നത്. പലരും നേരത്തെ തന്നെ കേക്ക് മിക്‌സിങ് നടത്തി കഴിഞ്ഞുവെങ്കിലും ആഘോഷമായ മിക്‌സിങ് പ്രമുഖരെ അണിനിരത്തി കൊണ്ട് നടത്തുന്നത് ഇപ്പോഴാണ്.
ഉണക്കപ്പഴങ്ങളാണ് കൂടുതലായി മിക്‌സിങിന് ഉപയോഗിക്കുന്നത്. മുന്തിരി, കശുവണ്ടി, ബദാം, വാള്‍നട്ട്, പിസ്ത്ത, ആപ്രിക്കോട്ട്‌സ, ചെറി , ഫിഗു, തുടങ്ങിയ വിവിധതരം പഴങ്ങളാണ് മിശ്രണം ചെയ്തു വെയ്ക്കുന്നത്. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ 600 കിലോ ഉണക്കപഴങ്ങളുടെ കേക്ക് മിക്‌സിങാണ് കൊച്ചി റിനൈ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടത്തിയത്. ആഘോഷമായ കേക്ക് മിക്‌സിങ് ചടങ്ങ് കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രിന്‍സിപ്പല്‍ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. 4000 കിലോ കേക്ക് നിര്‍മ്മിക്കാനാവശ്യമായ ഉണക്കപഴങ്ങളുടെ മിക്‌സിംഗാണ് മൊത്തത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. 90 ദിവസം വരെ പലതരം പഴങ്ങളുടെ കൂട്ട് സൂക്ഷിച്ചശേഷമാണ് കേക്ക് നിര്‍മിക്കുന്നത്. പരമ്പാരഗത രീതിയിലുള്ള കേക്ക് മിക്‌സിങ് കൊച്ചി താജ് ഹോട്ടലിലും നടത്തി. ഹോട്ടല്‍ ഷെഫ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. നാലായിരം മൂതല്‍ 5000 കിലോ വരെ കേക്ക് നിര്‍മിക്കുന്നതിനാവശ്യമായ ഒരുക്കങ്ങളാണ് ഇവിടെ നടത്തുന്നത്. ചെറുതും വലുതുമായ കേക്ക് മിക്‌സിങ് ചടങ്ങുകളാണ് നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."