പെയര്‍ ട്രോളിങ്ങിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്
കോഴിക്കോട്: മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന തരത്തില്‍ ട്രോളിങ് ബോട്ടുകള്‍ നടത്തുന്ന പെയര്‍ ട്രോളിങ് (പെലാജിക്) മത്സ്യബന്ധനത്തിനെതിരേ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനെതിരേ 26 ന് സംസ്ഥാനവ്യാപകമായി കടല്‍ഹര്‍ത്താല്‍ നടത്തുമെന്ന്്്് മത്സ്യമേഖല സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള തീരക്കടലില്‍ മത്സ്യബന്ധനം നിര്‍ത്തിവച്ചും കൊച്ചി തുറമുഖത്ത് പ്രതീകാത്മകമായി പെയര്‍ബോട്ട് കത്തിച്ചും പ്രതിഷേധിക്കും.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, കൊല്ലം ഇന്‍ബോര്‍ഡ് അസോസിയേഷന്‍, പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി, കരയോഗം, വള്ളകമ്മിറ്റി തുടങ്ങി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയേതര ട്രേഡ് യൂനിയനുകള്‍ ചേര്‍ന്നാണ് സമരത്തിനിറങ്ങുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ അടിത്തട്ട് മത്സ്യബന്ധനത്തിന് ലൈസന്‍സ് എടുത്ത ട്രോളിങ് ബോട്ടുകളും, യൂസര്‍ഫീ അടച്ച് പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ബോട്ടുകളും കേരളത്തിന്റെ സമുദ്രാതിര്‍ത്തിയ്ക്കുള്ളില്‍ അരിച്ചുപെറുക്കി മത്സ്യസമ്പത്ത് കൊള്ളയടിക്കുകയാണ്. കടലിന്റെ പാരിസ്ഥിതിക ഘടനയെ തന്നെ തകര്‍ത്ത് മത്സ്യസമ്പത്തിന്റെ നാശത്തിന് ഇടവരുത്തുന്നതാണ് പുതിയ മത്സ്യബന്ധനരീതിയായ പെയര്‍ട്രോളിങ് എന്ന പെലാജിക്.
ന600 എച്ച് പിയ്ക്ക് മുകളില്‍ ശേഷിയുള്ള ചൈനീസ് എന്‍ജിനുകള്‍ ഘടിപ്പിച്ച യാനങ്ങളില്‍ ഒരു കിലോമീറ്ററോളം നീളമുള്ള വലകള്‍ കൊണ്ട് പത്ത് നോട്ടിക്കല്‍മൈല്‍ വേഗത്തില്‍ കടലിന്റെ അടിത്തട്ടും ഇടത്തട്ടും മേല്‍തട്ടും രണ്ടു ബോട്ടുകള്‍ ഒരേസമയം ഉഴുതുമറിയ്ക്കുന്ന മത്സ്യബന്ധനരീതിയാണ് പെയര്‍ട്രോളിങ് നടത്തുന്നവര്‍ സ്വീകരിക്കുന്നത്. പരമ്പരാഗത തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന മത്തി, നത്തോലി, അയല തുടങ്ങിയ മത്സ്യഇനങ്ങളുടെ കൂട്ടക്കുരുതിക്കാണ് പെയര്‍ ട്രോളിങ് ഇടവരുത്തുന്നത്. ട്രോളിങ് നിരോധനം തൊണ്ണൂറ് ദിവസമാക്കാന്‍ മുറവിളി കൂട്ടി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുമ്പോള്‍ മറുവശത്ത് പെയര്‍ബോട്ടുകളുടെ കടലൂറ്റ് കണ്ടില്ലെന്ന് നടിച്ച് ഫിഷറീസ് വകുപ്പ് നോക്കിനില്‍ക്കുകയാണെന്നും മത്സ്യമേഖല സംയുക്ത സമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പി വി ജനാര്‍ദനന്‍, ജാക്‌സണ്‍ പൊള്ളയില്‍,പി.വി ദയാനന്ദന്‍, എം.പി. അബ്ദുള്‍റാസിക്ക്, ബഷീര്‍ പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."