ബ്രിക്‌സ് ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര വിജയം
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായി യുദ്ധത്തിന്റെ വക്കില്‍ വരെ എത്തിയ ഇന്ത്യ പ്രസ്തുത ഉദ്യമത്തില്‍ സംയമനം പാലിച്ച് നയതന്ത്ര തലങ്ങളിലൂടെ പാകിസ്താനെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങളില്‍ നിന്നും പാകിസ്താനെ ഒറ്റപ്പെടുത്തുവാനും പാകിസ്താന്‍ ഭീകരത ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ഇന്ത്യക്ക് ഒട്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോവയിലെ പനാജിയില്‍ സമാപിച്ച അഞ്ചംഗ രാഷ്ട്ര സാമ്പത്തിക (ബ്രിക്‌സ്) ഉച്ചകോടിയിലും ഈ നയം ബോധ്യപ്പെടുത്തുവാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളടങ്ങിയ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് അംഗരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ സമീപകാല നയതന്ത്ര വിജയങ്ങളില്‍ ഒന്നാണ്.
ഇടക്കാലത്ത് ചൈനയുമായും റഷ്യയുമായും നമ്മള്‍ അകലുകയാണെന്ന ധാരണക്ക് ഒട്ടൊക്കെ മാറ്റം വരുത്താന്‍ ബ്രിക്‌സ് ഉച്ചകോടി ഉപകരിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരുമിച്ച് നേരിടുവാന്‍ ബ്രിക്‌സ് അംഗ രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് കഴിഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം പാകിസ്താനെ പേരെടുത്ത് പറയാതെ തന്നെ അംഗീകരിപ്പിക്കുവാനും സംഗമം ഉപകാരപ്പെട്ടു. ഭീകരവാദം പോലുള്ള വെല്ലുവിളികള്‍ നേരിടുവാന്‍ ചൈനയും ഇന്ത്യക്കൊപ്പം സന്നദ്ധമായി എന്നത് പാകിസ്താനെ കുറേക്കൂടി ഒറ്റപ്പെടുത്തുന്നതില്‍ എത്തിക്കും. അമേരിക്കയുമായുള്ള പാകിസ്താന്റെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയ നേരത്ത് റഷ്യയുമായും ചൈനയുമായും അടുക്കേണ്ടത് പാകിസ്താന്റെ ആവശ്യമായിരുന്നു. ഈ സാധ്യതകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു ഇന്ത്യയുടെ സമീപകാല നയതന്ത്ര നീക്കങ്ങള്‍.
ഇന്ത്യ അമേരിക്കയോട് കൂടുതല്‍ വിധേയത്വം കാണിക്കുന്നുവെന്ന ധാരണയെ തുടര്‍ന്നാണ് ചൈനയും റഷ്യയും ഇന്ത്യയോട് അകല്‍ച്ച പാലിക്കാന്‍ തുടങ്ങിയത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ സൈനിക കരാര്‍ അകല്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. ഈ കരാറാകട്ടെ ഇന്ത്യക്ക് ഒട്ടും ഗുണകരവുമല്ല. ഈ യൊരു ഘട്ടത്തിലാണ് റഷ്യ പാകിസ്താനുമായി സംയുക്ത സൈനികാഭ്യാസം നടത്തുവാനും ചൈന പാകിസ്താനെ അകമഴിഞ്ഞ് സഹായിക്കുവാനും തുടങ്ങിയത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസ്ഹറിനെ യു എന്‍ ഭീകരപട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന ഐക്യരാഷ്ട്ര സഭയില്‍ വീറ്റോ ചെയ്തത് ഇതിനെ തുടര്‍ന്നായിരുന്നു.
ഈയൊരു വേളയില്‍ പനാജിയില്‍ സമാപിച്ച ബ്രിക്‌സ് ഉച്ചകോടി ചൈനയുടെയും റഷ്യയുടെയും ഇന്ത്യയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുവാന്‍ ഉതകിയെങ്കില്‍ സമീപകാല നയതന്ത്ര പരാജയങ്ങളില്‍ നിന്നും ഇന്ത്യ കരകയറുന്നുവെന്നതിന്റെ സൂചനയായി അതിനെ കാണാം.
സമീപകാലത്ത് കിട്ടിയ രണ്ട് സുഹൃത്തുക്കളെക്കാള്‍ മെച്ചം പഴയകാലത്തെ ഉത്തമസുഹൃത്താണെന്ന റഷ്യയെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന അവിശ്വാസത്തിന്റെ മഞ്ഞ് ഉരുക്കുവാന്‍ ഏറെ സഹായകരമാണ്.
പാകിസ്താനില്‍ അടുത്തമാസം നടക്കേണ്ടിയിരുന്ന ദക്ഷിണേഷ്യന്‍ മേഖല സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍(സാര്‍ക്ക്)നിന്നും ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇന്ത്യയുടെ പാത പിന്‍പറ്റി ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള അംഗ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയും ഉച്ചകോടി തന്നെ ഉപേക്ഷിക്കുവാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാകുകയുമായിരുന്നു.
അതേ സമയം ബ്രിക്‌സ് ഉച്ചകോടിയും ബിംസ്‌ടെക്ക്(ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്‌ണോമിക് കോര്‍പറേഷന്‍) ഉച്ചകോടിയും ഇന്ത്യയില്‍ നടത്തുന്നതിലും പ്രബല അംഗരാഷ്ട്രങ്ങളായ ചൈനയെയും റഷ്യയെയും പങ്കെടുപ്പിക്കുന്നതിലും ഇന്ത്യക്ക് കഴിഞ്ഞുവെന്നത് ചില്ലറ നേട്ടമല്ല.
സമീപകാലത്തെ നയതന്ത്ര പാളിച്ചകളില്‍ നിന്നും ഇന്ത്യ പാഠംപഠിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രങ്ങള്‍ യുദ്ധക്കളങ്ങളിലേക്ക് നീങ്ങുന്നതെന്ന ആപ്തവാക്യത്തെ സാധൂകരിക്കുന്നു ഉറി ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയുടെ ഓരോ ചുവടുവയ്പ്പുകളും. യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ച് ശത്രുരാജ്യത്തെ സമ്മര്‍ദത്തിലാഴ്ത്തി നയതന്ത്ര വഴിയിലൂടെ വിജയം വരിക്കുക എന്ന തന്ത്രമാണ് ഇന്ത്യ വിജയിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യയെ നയതന്ത്ര പ്രധാന പങ്കാളിയാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം യുഎസ് സെനറ്റ് പതിമൂന്നിനെതിരേ 85 വോട്ടുകള്‍ക്കാണ് തള്ളിയത്. പ്രതിരോധ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ളവ യുഎസ് പ്രധാന സഖ്യരാഷ്ട്രങ്ങളുമായി പങ്കുവച്ചിരുന്നു.
അതേയളവില്‍ ഇന്ത്യക്കും അവ കൈമാറ്റം ചെയ്യാനുള്ള ഭേദഗതി ബില്‍ സെനറ്റ് തള്ളിയത് ഇന്ത്യയുടെ നയതന്ത്ര പരാജയമായി അന്ന് തിട്ടപ്പെടുത്തിയിരുന്നു. അമേരിക്കയോട് അമിതമായ വിധേയത്തം ഉണ്ടായിട്ടു പോലും യുഎസുമായുള്ള പ്രതിരോധ പങ്കാളിത്തത്തില്‍ ഭാഗവാക്കാകാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല. അത് ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു.
ജൂണ്‍ മാസത്തില്‍ തന്നെ സിയൂളില്‍ നടന്ന ആണവ വിതരണ സംഘടനാ രാജ്യങ്ങളില്‍ ഉള്‍പ്പെടാനുള്ള ഇന്ത്യയുടെ ശ്രമവും പരാജയപ്പെട്ടു. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി)ഒപ്പ് വയ്ക്കാത്ത രാജ്യങ്ങളെ ആണവവിതരണ സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിന് ഇളവ് വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം ആണവ വിതരണ സംഘടനയില്‍പ്പെട്ട ചൈനപോലുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും വിജയിച്ചില്ല. അമേരിക്കയ്ക്ക് ഇവിടെയും ഇന്ത്യയെ സഹായിക്കാന്‍ കഴിഞ്ഞില്ല.
ചുരുക്കത്തില്‍ അമേരിക്ക ഇന്ത്യയെ വച്ച് മുതലെടുക്കുകയും ഇന്ത്യയുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുകയുമായിരുന്നു. ഇത്തരം നയതന്ത്ര പരാജയങ്ങളില്‍ നിന്നും ഇന്ത്യ പാഠം പഠിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ബ്രിക്‌സ് ഉച്ചകോടിയുടെയും ബിംസ്‌ടെക് ഉച്ചകോടിയുടെയും വിജയകരമായ പര്യവസാനത്തില്‍ നിന്ന് മനസ്സിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."