സമഗ്ര വിദ്യാഭ്യാസം: കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നു
മലപ്പുറം: രാജ്യത്താകമാനം സമഗ്ര വിദ്യാഭ്യാസാസൂത്രണം നടത്താന്‍ കുട്ടികളുടെ സമ്പൂര്‍ണ വിവരശേഖരണം നടത്തുന്നു. പൊതു വിവരങ്ങള്‍ക്കൊപ്പം ഒരോ വിദ്യാര്‍ഥിയുടേയും 35 ഓളം വ്യക്തികത വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ആദ്യമായി സ്റ്റുഡന്റ്‌സ് ഡാറ്റ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്.ഡി.എം.ഐ.എസ്)വഴി സമഗ്ര വിവര ശേഖരണം നടത്തുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴില്‍ രാജ്യത്താകമാനം നടത്തുന്ന പദ്ധതിയാണിത്. ഒരോ സംസ്ഥാനങ്ങളിലും വിവിധ തരത്തിലാണ് വിദ്യാര്‍ഥികളുടെ വിവര ശേഖരണം നടത്തുന്നത്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വിവര ശേഖരമാണ് ലക്ഷ്യം.
ഐ.ടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ സമ്പൂര്‍ണ സോഫ്റ്റ് വെയര്‍ വഴി ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പു പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വര്‍ഷങ്ങളായി പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളൂകള്‍, അണ്‍ റക്കഗനൈസ്ഡ് സ്‌കൂളുകള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചുള്ള പൊതു വിവരങ്ങള്‍ സര്‍വശിക്ഷാ അഭിയാന്‍ ആണ് ശേഖരിക്കുന്നത്. സ്റ്റുഡന്റ്‌സ് ഡാറ്റ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(എസ്.ഡി.എം.ഐ.എസ്)എന്ന പുതിയ പദ്ധതി നടപ്പാകുന്നതോടെ ഇരു വിവരങ്ങളുടെയും ഏകോപനം സാധ്യമാകും.
മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ യൂഡയസ്, എഡയസ് എന്നിവയിലൂടെയും സ്‌കൂള്‍തല വിവര ശേഖരണം നടക്കുന്നുണ്ട്. ഇതിലെ വിവരങ്ങള്‍ക്കു പുറമെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഭാരതത്തിലെ ഒരോ കുട്ടികളെയും എവിടെ നിന്നും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഒരുങ്ങുക.
35 കളങ്ങളിലായി കുട്ടികളുടെ പാഠ്യ- പാഠ്യേതര- വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. സ്‌കൂള്‍ തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ബി.ആര്‍.സി തലത്തില്‍ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ക്രോഡീകരിക്കും. തെറ്റു തിരുത്താനും സമയം അനുവദിക്കും. ജില്ലാ തലത്തില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്ന വിവരങ്ങളാണ് സര്‍വ ശിക്ഷാ അഭിയാന്‍ സംസ്ഥാന ഓഫീസിന് കൈമാറുക.
ഡിസംബര്‍ 31 നകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കൈമാറും. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലായി 2015- 16 വര്‍ഷത്തെ യൂഡയസ് രേഖകള്‍ പ്രകാരം 40,12,416 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പഠനം നടത്തുന്നത്. ഇവരില്‍ 29,88,183 കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഈ വര്‍ഷം ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലും പ്രവേശനം നേടിയ കുട്ടികളെയും വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."