ഹനീഫ വധം: സാക്ഷികള്‍ക്കെതിരായ കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവ്
കൊച്ചി: ചാവക്കാട് ഹനീഫ വധക്കേസില്‍ സാക്ഷികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തങ്ങള്‍ക്കെതിരേ പൊലിസ് കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാരോപിച്ച് കേസിലെ സാക്ഷിയായ ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടില്‍ ടി.ബി ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹരജിക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എട്ടു കേസുകളില്‍ തുടരന്വേഷണത്തിന് ഡി.ജി.പി നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് ഏഴിനാണ് ഹനീഫയെ ഒരു സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണ് കൊലയ്ക്കു പിന്നിലെന്നും ഈ മേഖലയിലെ പ്രബലനായ രാഷ്ട്രീയ നേതാവിന്റെ വിശ്വസ്തരാണ് കൊലയ്ക്കു പിന്നിലെന്നും ഹരജിക്കാര്‍ ആരോപിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹനീഫയെ ഫൈസലും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാത്രി 9.45നുണ്ടായ സംഭവത്തെ തുടര്‍ന്ന് ഫൈസലടക്കമുള്ളവര്‍ ചാവക്കാട് പൊലിസ് സ്റ്റേഷനിലെത്തി മൊഴിനല്‍കി. ഇവര്‍ രാത്രി ഒരു മണി വരെ സ്റ്റേഷനിലുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷം വീടുകയറി അക്രമിച്ചെന്ന പരാതിയില്‍ തങ്ങള്‍ക്കെതിരേ പൊലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.
വീടുകള്‍ ആക്രമിച്ചതായി പറയുന്ന സമയത്ത് തങ്ങള്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. ഈ വാദം കണക്കിലെടുത്താണ് എട്ടു കേസുകളിലും തുടരന്വേഷണം നടത്താന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. കൊലക്കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷികള്‍ക്കെതിരേ കേസെടുത്തത് നിസാരമായി കാണാനാവില്ല.
കഠിനാധ്വാനവും കഴിവും ആവശ്യമായ കേസന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ധാര്‍മികത പുലര്‍ത്തണം. ഹനീഫ വധക്കേസിലെ സാക്ഷികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും അന്തിമ റിപ്പോര്‍ട്ടുകള്‍ നല്‍കിയതും ഒരു സബ് ഇന്‍സ്‌പെക്ടര്‍ തന്നെയാണെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. കേസുകളില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹനീഫ വധക്കേസിന്റെ അന്വേഷണം പൊലിസ് അട്ടിമറിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി നേരത്തേ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് സാക്ഷികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളിലും തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."