ജനത്തിരക്കറിഞ്ഞ് ബാങ്കുകള്‍
കല്‍പ്പറ്റ: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള വിവിധ മേഖലകളിലെ നിശ്ചലാവസ്ഥ ഇന്നലെയും തുടര്‍ന്നു. എന്നാല്‍ ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സ്തംഭനാവസ്ഥക്ക് ചെറിയ പരിഹാരമായെങ്കിലും വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ വഴിയോര കച്ചവടങ്ങളില്‍ വരെ ഇന്നലെയും കാര്യമായ ചലനമുണ്ടായിട്ടില്ല.
എന്നാല്‍ 500, 1000, രൂപ നോട്ടുകള്‍ ഇന്നലെ മുതല്‍ ബാങ്കുകളില്‍ മാറിയെടുക്കാമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയിലെ ബാങ്കുകളിലും പ്രധാന പോസ്റ്റോ ഫിസുകളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ബാങ്കുകള്‍ക്കും പോസ്‌റ്റോഫിസുകള്‍ക്കും മുന്നില്‍ ജനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരുന്നത്. ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ കൈയിലുള്ള 500, 1000 രൂപാ നോട്ടുകള്‍ മാറിയെടുക്കാനും നിക്ഷേപിക്കാനുമായി നിരവധിയാളുകളാണ് അതിരാവിലെ മുതല്‍ ബാങ്കുകളിലെത്തിയത്. നോട്ട് മാറ്റിയെടുത്തവര്‍ക്ക് 2000 രൂപയുടെ പുതിയ നോട്ടും 100, 50, 20, 10 രൂപാ നോട്ടുകളാണ് ബാങ്കുകള്‍ നല്‍കിയത്. എന്നാല്‍ ഉച്ചക്ക് മുമ്പുതന്നെ 100 രൂപയുടെ നോട്ടുകള്‍ മിക്ക ബാങ്കുകളിലും തീര്‍ന്നിരുന്നു. കൂടാതെ 10 ലക്ഷം രൂപ മാത്രമെത്തിയ പോസ്‌റ്റോഫിസുകളിലും ഉച്ചക്ക് മുമ്പേ പണം തീര്‍ന്നു.
ഇതോടെ പോസ്റ്റ് ഓഫിസുകളിലെത്തിയ നിരവധി ഉപഭോക്താക്കള്‍ ബാങ്കുകളിലെത്തിയാണ് നോട്ടുകള്‍ മാറിയത്. 100 രൂപ നോട്ടിനും ക്ഷാമം നേരിടുന്നതിനാല്‍ ഇന്നുമുതല്‍ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചാലും ഉപഭോക്താക്കള്‍ വലയുന്ന അവസ്ഥയാണ്. കൗണ്ടറുകളില്‍ നിന്ന് 2000 രൂപക്ക് താഴെ പിന്‍വലിക്കുന്നവര്‍ക്ക് പണം ലഭിക്കാത്ത സ്ഥിതിയാകും. ചില എ.ടി.എം കൗണ്ടറുകളില്‍ മാത്രമാണ് 50 രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയുക. ഇതോടെ രാവിലെ കൗണ്ടറുകളില്‍ നിറക്കുന്ന 100 രൂപ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ നട്ടം തിരിയേണ്ട അവസ്ഥയാകും.
വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലൊന്നും ഇന്നലെയും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല.
നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവര്‍ത്തിച്ച ചില സ്ഥാപനങ്ങളില്‍ 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും മുഴുവന്‍ തുകക്കും പര്‍ച്ചേസ് ചെയ്യണമെന്ന നിബന്ധന മുന്നോട്ടുവച്ചത് ജനങ്ങളെ വലച്ചു. അതെ സമയം നോട്ടുകള്‍ അസാധുവാക്കിയത് രാജ്യ നന്മക്ക് വേണ്ടിയായത് കൊണ്ട് കുറച്ച് കഷ്ട്ടപ്പെട്ടാലും സാരമില്ലെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."