പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 60 പവന് സ്വര്‍ണാഭരണങ്ങളും 15 ലക്ഷം രൂപയും കവര്‍ന്നു
പാലക്കാട്: ചന്ദ്രനഗറില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 60 പവന് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ 15 ലക്ഷം രൂപയുടെ കവര്‍ച്ച. ചന്ദ്രനഗര്‍ തെക്കുമുറി സെല്‍മിയ മന്‍സില്‍ അയൂബിന്റെ (54) വീട്ടിലാണ് കവര്‍ച്ച നടന്നത്. 60 പവന് സ്വര്‍ണം, 5000 സൗദി റിയാല്‍, 1.25 ലക്ഷം രൂപ വിലവരുന്ന റാഡോ വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്. അയൂബും ഭാര്യയും വിദേശത്താണ്. ഭാര്യയുടെ ചികിത്സക്കായി കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. ഇവിടെ വീട്ടില്‍ ഉമ്മ മാത്രമാണ് താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്ത് വീട്ടിലേക്ക് മാറ്റിയത്.
15ന് വീട് പൂട്ടി ഇവര്‍ വളാഞ്ചേരിയിലേക്ക് ചികിത്സക്കായി പോവുകയും ചെയ്തു. ഇന്നലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
മലമ്പുഴ പൊലിസ് കേസെടുത്തു. ഡിവൈ.എസ്.പി എം.കെ സുള്‍ഫിക്കര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എല്‍ സുനില്‍, ഹേമാംബിക നഗര്‍ സി.ഐ ആര് ഹരിപ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി. ജില്ലാ ക്രൈം സ്ക്വാഡും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."