ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സംശയം; ഭാര്യാ സഹോദരന് കസ്റ്റഡിയില്‍ പാറശാല: ഗൃഹനാഥന്റെ മരണം കൊലപാതകമാ
ണെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യാ സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പാറശാല പരശുവയ്ക്കല്‍ ആടുമാന്‍കാട് വീട്ടില്‍ മോഹനനാ (60) ണ് മരിച്ചത്. കഴിഞ്ഞദിവസം അയല്‍വാസിയും ഭാര്യാസഹോദരനുമായ മണിയന്റെ (58) വീട്ടില്‍ വെച്ചായിരുന്നു മരണം. മണിയനെയാണ് പാറശാല പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാത്രി ഒന്‍പതര മണിയോടെയായിരുന്നു സംഭവം.രാത്രി മോഹനനും മണിയനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് മോഹനന്റെ ഭാര്യ ദേവിയും മക്കളും ഓടി മണിയന്റെ വീട്ടില്‍ എത്തുമ്പോള്‍ മോഹനന് അനക്കമില്ലാതെ നിലത്ത് കമിഴ്ന്ന് കിടക്കുന്നതാണ് കണ്ടത്.
ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പാറശാല പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് മണിയനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മദ്യ ലഹരിയിലായിരുന്ന മണിയന് മോഹനനെ മര്ദിച്ചതിനാലാണോ മരണം സംഭവിച്ചത് എന്ന സംശയമാണ് മണിയനെ കസ്റ്റഡിയിലെടുക്കാന്‍ കാരണം. അതേസമയം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന മോഹനന് അങ്ങനെ കുഴഞ്ഞു വീണതായിരിക്കാമെന്നും പൊലിസ് സംശയിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."