തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി
കൊച്ചി: പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ ഫിറോസ് പ്രതിയായതുള്പ്പെടെ രണ്ടു കേസുകള്‍ സോളാര്‍ കേസുകളന്വേഷിച്ച പ്രത്യേകാന്വേഷണസംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടും അന്വേഷണ സംഘം ഇതു സംബന്ധിച്ച് തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി ജെ അജിത്കുമാര്‍ ജസ്റ്റിസ് ജി ശിവരാജന് കമ്മിഷനില്‍ മൊഴി നല്കി.
തിരുവനന്തപുരത്തും കൊച്ചിയിലും മുന്‍ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന അജിത്കുമാറിന്റെ കീഴിലാണ് സോളാര്‍ കേസുകളിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് സറ്റേഷനുകളുണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി സലിം കബീര്‍ എന്നയാളില്‍നിന്ന് എ.ഡി.ബിയില്‍നിന്ന് വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായിരുന്നു മുന്‍ പി.ആര്.ഡി ഡയറക്ടര്‍ എ ഫിറോസും ബിജു രാധാകൃഷ്ണനും സരിത എസ് നായരും.
സരിതയെയും ബിജുവിനെയും പൊലിസ് 2010ല്‍ അറസ്റ്റ് ചെയ്തത് തന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് അജിത് സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി. ഇരുവര്‍ക്കുമെതിരെ അന്ന് മറ്റ് കേസുകളുമുണ്ടായിരുന്നതായറിയാം.
പിന്നീട് താന്‍ കൊച്ചി സിറ്റി പൊലിസ് കമ്മീഷണറായിരിക്കേയാണ് സെമിത്തേരി മുക്കില്‍ ടീം സോളാര്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായിരുന്ന സരിതയ്ക്കും ബിജുവിനുമെതിരെ നോര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സലിം കബീറിന്റെ കേസില്‍ ഫിറോസിനെ പൊലിസ് അറസ്റ്റ് ചെയ്തപ്പോള്‍ ആ കേസും പ്രത്യേകാന്വേഷണസംഘം അന്വേഷിക്കുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞതായറിയാം. ഈ കേസിലോ എറണാകുളം നോര്‍ത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലോ അന്വേഷണ സംഘം തന്നോട് ഒരു കാര്യവും തിരക്കിയിട്ടില്ലെന്നും അജിത് കമ്മിഷനില്‍ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."