പൊലിസ് ഇടപെട്ടു: പാപ്പിനിശേരിയില്‍ സംഘര്‍ഷം ഒഴിവായി
പാപ്പിനിശേരി: വളപട്ടണം പൊലിസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ പാപ്പിനിശേരിയില്‍ ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടാകുമായിരുന്ന വന്‍ സംഘര്‍ഷം ഒഴിവായി. യു.ഡി.എഫിലെ കെ.എം ഷാജിയുടെ വിജയത്തിന്റെ ഭാഗമായുള്ള ആഹ്ലാദപ്രകടനത്തിടെ നിരവധി പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ റാലി നടത്തുകയായിരുന്നു. ഇതില്‍ ചിലര്‍ പാപ്പിനിശേരി പഞ്ചായത്തിനു സമീപത്തെ എ.കെ.ജി സെന്ററിനു മുന്നിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ഈ സമയത്ത് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കീച്ചേരിയില്‍ നിന്നും പാപ്പിനിശേരിയിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. ചില യു.ഡി.എഫ് പ്രവര്‍ത്തകര്‍ കീച്ചേരിയിലേക്കും പ്രകടനം നടത്താന്‍ തുനിഞ്ഞതോടെ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ വളപട്ടണം പൊലിസ് ഇടപെടുകയായിരുന്നു. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രവര്‍ത്തകരെ തടഞ്ഞതോടെ വാക്കേറ്റവുമുണ്ടായി. ഒടുവില്‍ പൊലിസ് ചെറിയതോതില്‍ ലാത്തിവീശിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട ബൈക്കുകളും മറ്റും പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."