ഫൈസല്‍ വധം: സംഘ്പരിവാര്‍ ഗൂഢാലോചന മറയ്ക്കാന്‍ ശ്രമം
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴയുന്നു. കേസിന്റെ ഗതി തിരിച്ചുവിടാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഒരാഴ്ച പിന്നിട്ടിട്ടും കൃത്യം നിര്‍വഹിച്ച പ്രതികളെ അറസ്റ്റ്‌ചെയ്യാന്‍ പൊലിസിനായിട്ടില്ല. കുറ്റം ക്വട്ടേഷന്‍ സംഘത്തിലേക്കു ഗതിതിരിച്ചുവിട്ടു സംഘ്പരിവാറിന്റെ മുഖം രക്ഷിക്കാന്‍ പൊലിസ് ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. സംഭവത്തെ കുടുംബ പ്രശ്‌നമായും ക്രിസ്ത്യന്‍ മുസ്‌ലിം പ്രശ്‌നവുമാക്കാനും തുടക്കം മുതല്‍ തന്നെ ആര്‍.എസ്.എസ് ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ ലോക്കല്‍ പൊലിസ് അന്നേദിവസംതന്നെ പിടികൂടുകയും പിടിയിലായവര്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. നിലവില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നു എന്നാണു പൊലിസ് വിശദീകരണം.
എന്നാല്‍ നിത്യവും ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ പൊലിസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നുണ്ട്. ഫൈസലിന്റെ ഭാര്യാ സഹോദരനായ വിനോദ് അടക്കം കൊടിഞ്ഞിയിലെയും പരിസരപ്രദേശങ്ങളിലെയുംപത്തോളം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നിലവില്‍ പൊലിസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പരിവാര്‍ സംഘടനകളുടെ ഗൂഢാലോചന പുറത്തു പറയാന്‍ പൊലിസ് തയ്യാറായിട്ടില്ല.
ഫൈസലിന്റെ മതംമാറ്റം ചര്‍ച്ച ചെയ്യാന്‍ യോഗം സംഘടിപ്പിച്ചവരെയും പൊലിസ് തേടിയിരുന്നു. ഈ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തു അന്തിമതീരുമാനമെടുത്തു കൊലപാതകം പദ്ധതിയിട്ടു എന്നാണു വിവരം. ഈ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ പൊലിസ് കസ്റ്റഡിയിലുണ്ട്.
അതുകൊണ്ടുതന്നെ ഇവരിലൂടെ കൃത്യംനടത്തിയ മുഖ്യപ്രതികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണു പൊലിസ്. കേസന്വേഷണം വഴിതിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."