മോദി വീണിടത്ത് കിടന്നുരുളുന്നു: വി.എം സുധീരന്‍
തിരുവനന്തപുരം: തെറ്റുകള്‍ മാന്യമായി തിരുത്തുന്നതിനു പകരം അപ്രായോഗിക നിര്‍ദേശങ്ങളുമായി വീണിടത്തു കിടന്ന് ഉരുണ്ടുകളിക്കുന്ന അവസ്ഥയിലാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും നോബല്‍ പുരസ്‌കാരത്തിന് അര്‍ഹനായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പ്രൊഫ. അമര്‍ത്യാസെന്നും നടത്തിയ വിമര്‍ശനങ്ങള്‍ക്കു കൃത്യമായ മറുപടി പറയാന്‍ നരേന്ദ്രമോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ കോണ്‍ഗ്രസ് നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നു സുധീരന്‍ അറിയിച്ചു. അതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് സംസ്ഥാനത്ത് നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും.
പഞ്ചായത്ത് തലങ്ങളില്‍ അതാതു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാകും സമരം. നഗരപരിധിയില്‍പ്പെട്ട എല്ലാ മണ്ഡലം കമ്മിറ്റികളും സംയുക്തമായി ഡി.സി.സികള്‍ നിശ്ചയിക്കുന്ന കേന്ദ്ര ഓഫിസുകള്‍ പിക്കറ്റ് ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."