നിലമ്പൂര്‍ വെടിവയ്പ്പ്: പൊലിസിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന്
മലപ്പുറം: നിലമ്പൂര്‍ വനമേഖലയിലെ മാവോവാദികള്‍ പൊലിസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം നടത്തണമെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ആശയക്കുഴപ്പമുണ്ട്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനാണ് ഉത്തരവിട്ടുള്ളത്. അസ്വാഭാവിക മരണം നടന്നാല്‍ ചെയ്യുന്ന നടപടി മാത്രമാണിത്. അതേസമയം 2014ലെ സുപ്രീംകോടതി വിധിയില്‍ പറയുന്നത് ഇത്തരം സംഭവങ്ങളില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ കൊണ്ട് അന്വേഷിക്കണമെന്നാണ്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
മരണപ്പെട്ടവര്‍ നിരായുധയാണ് എന്നത് വ്യക്തമാണ്. പുറത്തുനിന്നുള്ള സമ്മര്‍ദമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തി ആത്മരക്ഷയ്ക്കു വേണ്ടിയാണു വെടിവെച്ചതെങ്കില്‍ കുറ്റവിമുക്തമാക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ആരാണ്, ഏതു രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നു പറഞ്ഞിട്ടില്ല. അന്വേഷണത്തിനായി സംഭവസ്ഥലത്തെ സ്‌കെച്ച് തയ്യാറാക്കി സ്ഥലം സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിക്കണം. എന്നാല്‍ ഇവിടെനിന്നുള്ള തെളിവുകളെല്ലാം ഇപ്പോള്‍ പൊലിസ് ശേഖരിച്ചു മാറ്റിയിട്ടുണ്ട്. അതിനാല്‍ അന്വേഷണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചു സംശയമുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു വിശദമായ അന്വേഷണം നടത്തി കുറ്റക്കാരാണെങ്കില്‍ മാതൃകാപരമായ ശിക്ഷ നല്‍കല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.
അഖിലേന്ത്യാതലത്തിലുള്ള മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഫോര്‍ ഡൊമോക്രാറ്റിക് ഓര്‍ഗനിസേഷന്റെ(സി.ഡി.ആര്‍.ഒ) നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും. അടുത്തമാസം 3, 4 തീയതികള്‍ സംഭവസ്ഥലവും ഉദ്യോസ്ഥരേയും ആളുകളെയും സന്ദര്‍ശിച്ചാണ് അന്വേഷണം നടത്തുക.
പ്രമുഖ അഭിഭാഷകരും മനുഷ്യാകാശ പ്രവര്‍ത്തകരുംഅന്വേഷണ സംഘത്തിലുണ്ടാവും. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സി.പി റഷീദ്, സെക്രട്ടറി തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവരാണു മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.
ദലിത് സംഘടനാ നേതാവ് പൊലിസ് നിരീക്ഷണത്തില്‍
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ദളിത് സംഘടനാ നേതാവ് പൊലിസ് നിരീക്ഷണത്തില്‍. നിലമ്പൂരിലെ കരുളായി വനത്തിലുണ്ടായ പൊലിസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെട്ടു ചികിത്സ തേടിയെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു നിരീക്ഷണം. എറണാകുളം മൂത്തകുന്നം സ്വദേശിയാണു പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
പൊലിസ് വെടിവെയ്പ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ രക്ഷപ്പെടുകയുമായിരുന്നു. ഇക്കൂട്ടത്തിലുള്‍പ്പെയട്ടയാളാണു കൊടുങ്ങല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നതെന്ന സൂചന ശക്തമാണ്.
ആശുപത്രിയും പരിസരവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടയില്‍ നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ദേവസ്യ കൊടുങ്ങല്ലൂരിലെത്തി ആശുപത്രിയില്‍ കഴിയുന്ന ആളെ മൂന്നു മണിക്കൂറോളംചോദ്യം ചെയ്യുകയും ചികിത്സ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തോളിലും കൈയിലും എല്ലിനു പരുക്കേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."