നികുതി വെട്ടിച്ചു കൊണ്ടുവന്ന 80 ലക്ഷത്തിന്റെ ആഡംഭര സാനിറ്ററി ഫിറ്റിങ്‌സുകള്‍ പിടികൂടി
ഫറോക്ക്: നികുതി വെട്ടിച്ചു കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ ആഡംഭര സാനിറ്ററി ഫിറ്റിങ്‌സുകള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പിടികൂടി. ബാംഗ്ലൂരില്‍ നിന്നുകോഴിക്കോട് കുറ്റിക്കാട്ടൂരിലേക്കു കൊണ്ടുവന്ന വീടുകളിലെ ബാത്ത്‌റൂമുകളിലും മറ്റും ഫിറ്റ് ചെയ്യുന്ന വിലപിടിപ്പുള്ള സാനിറ്ററി സാധനങ്ങളാണ് പെരിങ്ങൊളം മില്‍മക്കു സമീപത്തു വച്ചു പിടികൂടിയത്.
പിടിച്ചെടുത്ത വാഹനം സാധനങ്ങളടക്കം ഫറോക്ക് ചുങ്കം ചെക്‌പോസ്റ്റിലെത്തിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രാമനാട്ടുകരയിലേക്ക് ഫൂട്ട്്‌വെയര്‍ ഐറ്റംസുമായെത്തിയ കര്‍ണാടക രജിസ്‌ട്രേഷനുള്ള കെ.എ 02 ഡി 7846 ലോറിയിലാണ് സാധനം എത്തിച്ചത്.
ഫൂട്ട്‌വെയര്‍ സാധനങ്ങള്‍ക്കടിയിലായി 12 പെട്ടികളിലായാണ് ഫിറ്റിങ്‌സുകള്‍ സൂക്ഷിച്ചിരുന്നത്. രാമനാട്ടുകരയില്‍ ഫൂട്ട്്‌വെയര്‍ സാധനങ്ങള്‍ ഇറക്കി ബൈപ്പാസ് വഴി കുറ്റിക്കാട്ടൂരിലേക്ക് പോകുന്നതിനിടയിലാണ് വാഹന പരിശോധന നടത്തുന്ന വാണിജ്യ വകുപ്പ് അധികൃതരുടെ മുന്നില്‍പെടുന്നത്. സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലോറി കസ്റ്റഡിയിലെടുത്തത്.
സ്വകാര്യ വ്യക്തിയുടെ പേരിലാണ് സാധനങ്ങളുടെ ബില്ലുകളുള്ളത്. 25,000 രൂപ വിലയുള്ള ബാത്ത് റൂം ഫിറ്റിങ്‌സുകള്‍ വീട് നിര്‍മാണാവശ്യത്തിനു വേണ്ടി കൊണ്ടുവന്നതാണെന്നാണ് നിഗമനം.
കര്‍ണാടകത്തിലെ ചെക്‌പോസ്റ്റുകളും വയനാട്-കോഴിക്കോട് ജില്ലകളിലെ ചെക്‌പോസ്റ്റുകളും വെട്ടിച്ചാണ് സാധനങ്ങള്‍ എത്തിച്ചത്. 80ലക്ഷം രൂപ വിലയുള്ള സാധനങ്ങള്‍ക്ക് 23 ശതമാനം പിഴയടക്കം 34 ലക്ഷം രൂപ പിഴചുമത്തി വാഹനത്തിന്റെ ഡ്രൈവര്‍ക്കു നോട്ടിസ് നല്‍കി. 15 ദിവസത്തിനകം ഹാജരായി പണമടച്ചില്ലെങ്കില്‍ സാധനങ്ങള്‍ സാര്‍ക്കാറിലേക്കു കണ്ടുകെട്ടും.
പരിശോധനയ്ക്ക് വാണിജ്യ നികുതി വിഭാഗം ഇന്റലിജന്‍സ് ഓഫിസര്‍ കോഡ് 4 ബി.ബി ദിനേഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ സുധീര്‍ കെ.എം, ജ്യോതിഷ്‌കുമാര്‍ പി.വി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."