ബന്ധു നിയമനം: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ രാജിയില്‍ കലാശിച്ച ബന്ധു നിയമന വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചു.
എന്നാല്‍ റിപ്പോര്‍ട്ട് ടൈപ്പ് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് കോടതിയിലെത്തിയാണ് രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചത്.
ഇതേ തുടര്‍ന്ന് ജനുവരി ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് പ്രത്യേക ജഡ്ജ് ബദറുദ്ദീന്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചു.
അന്വേഷണം ഇഴഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂനിറ്റ് എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയരാജന് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."